Wednesday, July 3, 2024
spot_img

ഡീപ് ഫേക്കടക്കമുള്ള വ്യാജ വീഡിയോകൾക്കെതിരെ പുതിയ ഫീച്ചറുമായി യൂട്യൂബ് ! എക്സിന്റെ “കമ്മ്യൂണിറ്റി നോട്ടിന്” സമാനമായുള്ള ‘യൂട്യൂബ് നോട്ട്‌സ്’ ഉടൻ അവതരിപ്പിക്കും

കാലിഫോര്‍ണിയ : ഡീപ് ഫേക്ക് അടക്കമുള്ള തെറ്റിദ്ധാരണ പടര്‍ത്തുന്ന വ്യാജ വീഡിയോകള്‍ക്കെതിരെ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി യുട്യൂബ്. മറ്റൊരു പ്രമുഖ സമൂഹ മാദ്ധ്യമമായ എക്സ് അവതരിപ്പിച്ച “കമ്മ്യൂണിറ്റി നോട്ടിന്” സമാനമായി ‘യൂട്യൂബ് നോട്ട്‌സ്’ എന്ന ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിക്കുന്നത്. ഇതോടെ വീഡിയോകള്‍ക്ക് താഴെ അവയുടെ വസ്‌തുത വെളിവാക്കിക്കൊണ്ട് വിശദമായ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാനാകും. ഇതിലൂടെ വീഡിയോയുടെ ആധികാരികത കാഴ്ചക്കാര്‍ക്ക് മനസിലാക്കാൻ സാധിക്കും എന്നാണ് യുട്യൂബ് അവകാശപ്പെടുന്നത്.

യൂട്യൂബ് നോട്ട്‌സ് കുറിക്കാന്‍ യോഗ്യരായ കോണ്‍ട്രിബ്യൂട്ടര്‍മാരെ ഇ- മെയിലിലൂടെയും ക്രിയേറ്റര്‍ സ്റ്റുഡിയോ വഴിയും ക്ഷണിക്കും. വളരെ അക്ടീവായ യൂട്യൂബ് ചാനലുകളുള്ളവരെയും യൂട്യൂബിന്‍റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് കൃത്യമായി പാലിക്കുന്നവരെയുമാണ് ഇതിനായി തെരഞ്ഞെടുക്കുക. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് മാത്രമേ ഇത്തരത്തില്‍ നോട്ടുകള്‍ വീഡിയോകള്‍ക്ക് താഴെ കുറിക്കാനാകൂ. ഇതിന്‍റെ പ്രയോജനവും പ്രായോഗിക പ്രശ്‌നങ്ങളും വിലയിരുത്തി നോട്ടുകള്‍ പോസ്റ്റ് ചെയ്യാന്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കും. എന്താണ് വീഡിയോയുടെ പശ്‌ചാത്തലം, അര്‍ഥം, വസ്‌തുത തുടങ്ങിയവ ഇത്തരം നോട്ടുകളിലൂടെ വായിക്കാം. വരും ആഴ്‌ചകളില്‍ അമേരിക്കയിലെ യൂട്യൂബ് കാഴ്‌ചക്കാര്‍ക്ക് നോട്ട്സ് ലഭ്യമായി തുടങ്ങും.

Related Articles

Latest Articles