Saturday, July 6, 2024
spot_img

വൈക്കത്ത് ക്ഷേത്ര കലാപീഠം അടച്ച് പൂട്ടല്‍: ദേവസ്വം ബോര്‍ഡ് പിന്മാറി

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ക്ഷേത്ര കലാപീഠം അടച്ച് പൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറി. വൈക്കത്തെ കേന്ദ്രം വര്‍ക്കല ഗ്രൂപ്പിലേക്ക് മാറ്റി ക്രമേണ ഇല്ലാതാക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിച്ചത്.

ഇതിനെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്നലെ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.പി. രഘുവിനെ ഉപരോധിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ദേവസ്വം കമ്മീഷണറുമായി സംസാരിച്ചു.

കലാപീഠം മാറ്റില്ലെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.

വര്‍ക്കല ഗ്രൂപ്പിലെ ആറ്റിങ്ങല്‍ തിരുആറാട്ടുകാവ് ഭഗവതി ക്ഷേത്രത്തിനോടനുബന്ധിച്ച് കലാപീഠം തുടങ്ങാനാണ് ശ്രമിച്ചത്. മുന്‍പ് ഇവിടെയുണ്ടായിരുന്ന കലാപീഠം ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് 2015ല്‍ നിര്‍ത്തലാക്കിയിരുന്നു.

എന്നാല്‍ 1982ല്‍ വൈക്കത്ത് ആരംഭിച്ച കലാപീഠം വളരെ നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. പുതിയ അദ്ധ്യയന വര്‍ഷത്തേക്ക് അഭിരുചി പരിക്ഷ ഈ മാസം 20ന് നടത്താനിരിക്കെയാണ് കേന്ദ്രം മാറ്റാന്‍ നീക്കമുണ്ടായത്.

Related Articles

Latest Articles