Thursday, June 27, 2024
spot_img

യുക്രൈനിലെ വിദ്യാർത്ഥിയുടെ മരണം: നവീൻ കൊല്ലപ്പെട്ടത് സാധനം വാങ്ങാൻ കടയിലേക്ക് പോയപ്പോൾ

കീവ്: ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന ദാരുണമായ വാർത്ത പുറത്ത് വന്നിരിക്കുകയാണ്. കർണാടക സ്വദേശിയും മെഡിക്കൽ വിദ്യാർത്ഥിയുമായ നവീൻ കുമാർ ആണ് കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

വിദ്യാർത്ഥി കൊല്ലപ്പെട്ടത് കടയിലേക്ക് സാധനം വാങ്ങാൻ പോകുന്നതിനിടെയെന്നാണ് നിലവിലെ റിപ്പോർട്ട്. ദുരന്തമുഖത്ത് തന്നെയുള്ള ബങ്കറിൽ ആയിരുന്നു നവീൻ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം മുതൽ റഷ്യ ഷെല്ലാക്രമണം ആരംഭിച്ചിരുന്നു. ഇത് കുറഞ്ഞിരുന്ന സമയത്താണ് നവീൻ ബങ്കറിൽ നിന്നും പുറത്തിറങ്ങിയത്.

അവശ്യസാധനങ്ങൾ വാങ്ങാനായാണ് നവീൻ പുറത്തിറങ്ങിയത്. തുടർന്ന് നവീൻ സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴാണ് ഷെല്ലാക്രമണം നടന്നത്. എന്നാൽ ഈ സമയത്ത് നഗരത്തിൽ ഗവർണർ ഹൗസ് ലക്ഷ്യമിട്ട് കൊണ്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കർണാടകയിലുള്ള ബന്ധുക്കളോട് യുവാവ് അവസാനമായി സംസാരിച്ചിരുന്നത്. തുടർന്ന് ഇപ്പോൾ നിൽക്കുന്ന ബങ്കർ സുരക്ഷിതമാണെന്നായിരുന്നു നവീൻ പറഞ്ഞിരുന്നത്.

അതേസമയം ഷെല്ലാക്രമണം ആരംഭിച്ച സമയം മുതൽ വിദ്യാർത്ഥികളോട് ബങ്കർ വിട്ട് പുറത്തിറങ്ങരുത് എന്ന് ഇന്ത്യൻ എംബസി പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രൈനിൽ നിന്നുള്ള വിദ്യാർത്ഥികൾ തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നു. സ്ഥിതി വളരെ രൂക്ഷമായതിനാലാണ്, ബങ്കർ വിട്ട് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകിയത്.

നവീന്റെ മരണം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ”ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു – ഇന്ത്യൻ വിദേശകാര്യവക്താവ് ട്വീറ്റ് ചെയ്തത്. കൊല്ലപ്പെട്ട നവീൻ്റെ മാതാപിതാക്കൾ ചെന്നൈയിലാണുള്ളത് എന്നാണ് വിവരം. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടുന്നുണ്ട്.

Related Articles

Latest Articles