നിങ്ങളുടെ വാഹനത്തിൽ കൂളിംഗ് ഫിലിമോ കർട്ടനോ ഉണ്ടോ? എങ്കിൽ ഉഗ്രൻ പണി വരുന്നുണ്ട്! മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

0
operation screen motor vehicle department
operation screen motor vehicle department

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മോട്ടോ‍ര്‍ വാഹന വകുപ്പിന്‍റെ പരിശോധന തുടങ്ങി. അതേസമയം ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിലാണ് പരിശോധന നടത്തുക. ഹൈക്കോടതി-സുപ്രീംകോടതി വിധികൾ ലംഘിച്ചു കൊണ്ട് കൂളിംഗ് പേപ്പ‍ര്‍, ക‍ര്‍ട്ടൻ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് ഓപ്പറേഷൻ സ്ക്രീൻ ആസൂത്രണം ചെയ്തിരിക്കുന്നത്. ആർടിഒമാരുടെ നേതൃത്വത്തിൽ രാവിലെ തിരുവനന്തപുരത്ത് പിഎംജിയിൽ ആരംഭിച്ച പരിശോധനയിൽ നിരവധി വാഹനങ്ങളാണ് കൂളിങ് ഫിലിമും കർട്ടനുകളുമായെത്തി കുടുങ്ങിയത്.

ഗ്ലാസിൽ കൂളിംഗ് ഫിലിം ഒട്ടിച്ച കാറുകളും, വിൻഡോയിൽ ക‍ര്‍ട്ടനിട്ട കാറുകൾ എന്നിവക്കെതിരെ നടപടിയുണ്ടാവും. അധികനേരം വാഹനങ്ങൾ തടഞ്ഞു നിർത്താതെ ഫോട്ടെയെടുത്ത് ഇ – ചെലാൻ വഴി പിഴ മെസേജയയ്ക്കുകയാണ് ചെയ്യുന്നത്. 1250 രൂപയാണ് പിഴ. ഈ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനാണ് ട്രാൻസ്പോ‍ര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. നിയമം ലംഘിച്ച വാഹനങ്ങൾക്ക് ഇ-ചെല്ലാൻ വഴിയാകും പെറ്റി ചുമത്തുക. പിഴ ചുമത്തിയ ശേഷവും കർട്ടനുകളും കൂളിംഗ് ഫിലിമുകളും നീക്കം ചെയ്തില്ലെങ്കിൽ രണ്ടാം ഘട്ടത്തിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. കർട്ടനുകളിട്ട് എത്തിയ ചിലർ സ്ഥലത്ത് വെച്ചുതന്നെ ഇവ നീക്കം ചെയിതു.