ഹെല്‍മെറ്റ് പരിശോധനയ്ക്ക് ലാത്തിയോ ദേഹപരിശോധനയോ വേണ്ട; ഡിജിപിയുടെ ഉത്തരവിറങ്ങി

0

തിരുവനന്തപുരം: ഇരുചക്രവാഹനത്തിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. വാഹന പരിശോധന എസ്‌ഐയുടെ നേതൃത്വത്തില്‍ വേണമെന്ന് ഡിജിപി നിര്‍ദേശിച്ചു.

ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ല. വാഹനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കേണ്ട പരിശോധന കാമറയില്‍ പകര്‍ത്തണം. പരിശോധനയുടെ വീഡിയോ ചിത്രീകരിക്കണം. എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം പരിശോധന നടത്തേണ്ടത്.

റോഡില്‍ കയറി കൈ കാണിക്കരുത്. വളവിലും തിരുവിലും പരിശോധന പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും ഡിജിപി പുറപ്പെടുവിച്ചു. അനിഷ്ട സംഭവങ്ങള്‍ സംഭവിച്ചാല്‍ എസ്പിമാരിയിരിക്കും ഉത്തരവാദിയെന്നും ഡിജിപി വ്യക്തമാക്കി.

സംസ്ഥാനത്ത് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാര്‍ക്കും ഇന്ന് മുതലാണ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ ഉള്‍പ്പെടെയുള്ള പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കണമെന്നാണ് നിബന്ധന. നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കാന്‍ പരിശോധന കര്‍ശനമാക്കാന്‍ ഗതാഗതവകുപ്പും പൊലീസും തീരുമാനിച്ചു.

കുട്ടികള്‍ ഉള്‍പ്പെടെ പിറകിലിരിക്കുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി രണ്ടാഴ്ച മുമ്പാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. എന്നാല്‍ ഇത് പെട്ടെന്ന് നിര്‍ബന്ധമാക്കുന്നതിന് പകരം ബോധവല്‍ക്കരണത്തിന് ശേഷം നിര്‍ബന്ധമാക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയശേഷമാണ് ഇന്നുമുതല്‍ നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

ആദ്യദിവസമായ ഇന്ന് പിഴ ചുമത്തേണ്ടതില്ലെന്നാണ് തീരുമാനം. എന്നാല്‍ നിയമലംഘനം ആവര്‍ത്തിച്ചാല്‍ 500 രൂപ പിഴയും ആയിരം രൂപയും പിഴ ഈടാക്കും. സ്ഥിരമായി ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടികള്‍ സ്വീകരിക്കും. നിയമലംഘനങ്ങള്‍ തടയാന്‍ 85 സ്‌ക്വാഡുകള്‍ക്ക് പുറമെ ക്യാമറ നിരീക്ഷണവും ശക്തമാക്കും. ഇതിനായി ഹൈവേകളില്‍ 240 ഹൈ സ്പീഡ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

റോഡിലുള്ള പരിശോധനയില്ലെങ്കിലും ക്യാമറ വഴി നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കും. ഗുണമേന്മയില്ലാത്ത ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കും ചിന്‍സ്ട്രാപ്പ് ഇല്ലാതെ ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here