Wednesday, April 17, 2024
spot_img

തുടങ്ങിയെങ്കിലും പലതും റദ്ദാക്കി.ആഭ്യന്തര വിമാനസർവീസ് അനിശ്ച്ചിതത്വത്തിൽ

മുംബൈ: രണ്ട് മാസങ്ങള്‍ക്കു ശേഷം ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ അനിശ്ചിതത്വം. ഡല്‍ഹി, മുംബൈ എന്നിവയടക്കം നിരവധി നഗരങ്ങളില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാര്‍ പ്രയാസത്തിലായത്.

ഡല്‍ഹിയില്‍നിന്നും, ഡല്‍ഹിയിലേയ്ക്കുമുള്ള 82 വിമാനങ്ങളാണ് റദ്ദാക്കിയത്. എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അവസാന നിമിഷംവരെ അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ടെര്‍മിനല്‍-3ല്‍ എത്തിയ യാത്രക്കാര്‍ പറയുന്നു. നിരവധി പേരാണ് വിമാനത്താവളത്തിലെത്തി കാത്തിരിക്കുന്നത്.

വിമാനസര്‍വീസുകള്‍ നടത്താന്‍ തയ്യാറല്ലെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നതെന്ന് വിമാനത്താവള അധികൃതര്‍ പറയുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് 125 സര്‍വീസുകളും ഇവിടേയ്ക്ക് 118 സര്‍വീസുകളുമാണ് ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്നത്.

മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ സാഹചര്യമുണ്ടായി. ഇവിടെനിന്നുള്ള നിരവധി സര്‍വീസുകളും റദ്ദാക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലേയ്ക്കുള്ളതടക്കം വിമാനങ്ങള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. വിമാനങ്ങള്‍ റദ്ദാക്കിയ വിവരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.

സാധാരണയില്‍ കൂടുതല്‍ നീണ്ട വരിനിന്നാണ് പലയിടത്തും യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ സാധിച്ചത്. തെര്‍മല്‍ സ്‌ക്രീനിങ് കൂടാതെ ഓരോ യാത്രക്കാരുടെയും മൊബൈല്‍ ഫോണുകളില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാര്‍ ചെയ്തിട്ടുണ്ടോ എന്നുള്ള പരിശോധനയും സുരക്ഷാ ജീവനക്കാര്‍ നടത്തുന്നുണ്ട്.

ചെന്നൈ, ബെംഗളൂരു വിമാനത്താവളങ്ങളിലും ഗുവാഹത്തി, ഇംഫാല്‍ തുടങ്ങിയ വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ റദ്ദാക്കാപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രയാസത്തിലായി. ബെംഗളൂരുവില്‍നിന്നുള്ള ഒമ്പത് സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സര്‍വീസുകള്‍ മുടങ്ങിയതെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിശദീകരണം.

കോവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം മാര്‍ച്ച് 25 മുതല്‍ നിര്‍ത്തിവെച്ച ആഭ്യന്തര വ്യോമഗതാഗതം രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ന്  പുനരാരംഭിച്ചത്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ എന്നീ വിമാനക്കമ്പനികളാണ് സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്നത്.

Related Articles

Latest Articles