Wednesday, July 3, 2024
spot_img

വൈറലാകാനായി മൊബൈല്‍ ടവറില്‍ വലിഞ്ഞ് കയറിയ യൂട്യൂബർ മുകളിൽ കുടുങ്ങി ! താഴെയെത്തിച്ചത് അഞ്ച് മണിക്കൂർ നീണ്ട ദൗത്യത്തിലൂടെ

ഗ്രേറ്റര്‍ നോയിഡ : വൈറലാകാനും തന്റെ യൂ ട്യൂബ് ചാനലിന്റെ റീച്ച് കൂട്ടാനുമായി മൊബൈല്‍ ടവറില്‍ കയറി കുടുങ്ങിപ്പോയ യൂട്യൂബറെ താഴെയിറക്കിയത് അഞ്ചുമണിക്കൂറിന് ശേഷം. ടവറിനുമേൽ വലിഞ്ഞു കയറുന്ന വീഡിയോ പോസ്റ്റ് ചെയ്ത് വൈറലാകാമെന്ന ധാരണയിൽ യുവാവ് മുകളിലെത്തിയെങ്കിലും പിന്നീട് താഴെയിറങ്ങാനാകാതെ കുടുങ്ങിപ്പോകുകയായിരുന്നു. ഒടുവില്‍ അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്‌സും പോലീസും യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്.

ഗ്രേറ്റര്‍ നോയിഡയിലെ ടിഗ്രി ഗ്രാമത്തിലായിരുന്നു യൂട്യൂബറായ നിലേശ്വര്‍ എന്ന യുവാവിന്റെ സാഹസം. 8870 സബ്‌സ്‌ക്രൈബേഴ്‌സാണ് നിലേശ്വറിന്റെ യൂട്യൂബ് ചാനലിനുള്ളത്. മൊബൈല്‍ടവറില്‍ കയറുന്ന വീഡിയോ ചിത്രീകരിക്കാനായി ഒരുസുഹൃത്തിനെയും കൂട്ടിയാണ് നിലേശ്വര്‍ എത്തിയത്. താഴെയുണ്ടായിരുന്ന സുഹൃത്ത് നീലേശ്വർ ടവറിലേക്ക് വലിഞ്ഞു കയറുന്നത് മൊബൈലില്‍ ചിത്രീകരിച്ചു. ഇതിനിടെ യുവാവിന്റെ സാഹസിക പ്രകടനം കണ്ട് ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടി. ഇതോടെ കാര്യം അത്ര പന്തിയല്ലെന്ന് കണ്ട യൂട്യൂബറുടെ സുഹൃത്ത് ചിത്രീകരണം അവസാനിപ്പിച്ച് സ്ഥലം വിട്ടു . എന്നാല്‍, ടവറില്‍ കയറിയ നിലേശ്വര്‍ താഴെയിറങ്ങാന്‍ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഇതിനുശേഷം യുവാവിനെതിരേ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles