Tuesday, April 23, 2024
spot_img

ലോകശക്തികള്‍ക്കൊപ്പം ഇന്ത്യ, സമുദ്രം കീഴടക്കാന്‍ ഇനി ഇന്ത്യയും സുസജ്ജം

ദില്ലി : ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റിന്റെ (എല്‍ സി എ) നേവി വേരിയന്റ്, തേജസ് പോര്‍വിമാനം വിമാനവാഹിനിക്കപ്പലായ വിക്രമാദിത്യയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. ഇതിനകം തന്നെ വ്യോമസേനയുടെ ഭാഗമായ തേജസ് ഇത് ആദ്യമായാണ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലില്‍ ലാന്‍ഡ് ചെയ്യുന്നത്.അറബിക്കടലില്‍ നിലയുറപ്പിച്ചിരിക്കുന്ന കപ്പലിലാണ് ഇന്ത്യ ചരിത്രം നേട്ടത്തിന് വേദിയൊരുക്കിയത്. രണ്ട് സീറ്റുള്ള എല്‍സിഎ രാവിലെ 10.02 ന് വിക്രമാദിത്യയുടെ ഡെക്കില്‍ വിജയകരമായി ഇറങ്ങിയതായി നാവികസേന സ്ഥിരീകരിച്ചു.മാന്‍ഡര്‍ ജെ എ മാവ്ലങ്കാറാണ് വിമാനം കപ്പലില്‍ ലാന്‍ഡ് ചെയ്യിപ്പിച്ചതെന്ന് ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്പമെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) അറിയിച്ചു. ഡി ആര്‍ ഡി ഒയും എ ഡി എയും ( എയറോനോട്ടിക്കല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സി) സംയുക്തമായി ചേര്‍ന്നാണ് അറസ്റ്റഡ് ലാന്‍ഡിംഗിന് സാധിക്കുന്ന തേജസ് വികസിപ്പിച്ചെടുത്തത്. വിദേശനിര്‍മ്മിത മിഗ് 29ന്റെ മറ്റൊരു പതിപ്പാണ് തേജസ്.

നാവികസേനയ്ക്കായി പ്രത്യേകം നിര്‍മ്മിച്ച കോമ്പാക്ട് എയര്‍ക്രാഫ്റ്റായ തേജസിലാണ് ഇന്ത്യ പരീക്ഷണം പൂര്‍ത്തിയാക്കിയത്. 30 വിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധക്കപ്പലാണ് ഐ എന്‍ എസ് വിക്രമാദിത്യ. കരയിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് യുദ്ധവാഹിനിക്കപ്പലില്‍ പരീക്ഷണം നടത്തിയത്.റഷ്യ, അമേരിക്ക, ഫ്രാന്‍സ്, യുണൈറ്റഡ് കിങ്ഡം, ചൈന എന്നിവയ്ക്ക് ശേഷം ഒരു വിമാനവാഹിനിക്കപ്പലില്‍ വിമാനം ലാന്‍ഡിങ് ശേഷി നേടിയ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.

കരയിലെ അറസ്റ്റഡ് ലാന്‍ഡിംഗ് പരീക്ഷണം കഴിഞ്ഞ സെപ്റ്റംബറില്‍ ഇതേ പോര്‍വിമാനം ഉപയോഗിച്ച് ഇന്ത്യ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ഗോവയിലെ നാവികസേനാ പരിശീലനകേന്ദ്രത്തില്‍വെച്ചായിരുന്നു അന്നത്തെ പരീക്ഷണം. മണിക്കൂറില്‍ 224 കിലോമീറ്റര്‍ വേഗത്തില്‍ പറന്ന തദ്ദേശനിര്‍മിത ലഘുപോര്‍വിമാനം തേജസിനെ, ഏകദേശം രണ്ട് സെക്കന്‍ഡുകൊണ്ടാണ് നിശ്ചലാവസ്ഥയിലെത്തിച്ചത്. അന്നും കമാന്‍ഡര്‍ ജെ എ. മാവ്ലങ്കാറായിരുന്നു വിമാനം പറത്തിയത്. യു.എസ്, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ വികസിപ്പിച്ച ഏതാനും യുദ്ധവിമാനങ്ങള്‍ മാത്രമേ ഇതുവരെ യുദ്ധക്കപ്പലുകളില്‍ ‘അറസ്റ്റഡ് ലാന്‍ഡിംഗ്’ നടത്തിയിട്ടുള്ളൂ. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ചരിത്രനേട്ടം കൈവരിച്ച നാവികസേനയേയും ഡി ആര്‍ ഡി ഒയെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

Related Articles

Latest Articles