Friday, March 29, 2024
spot_img

ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം; വ്യത്യസ്ത കഥകൾ പറയുന്ന ചിത്രങ്ങൾ

ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം . 1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ ദിനമാണ് ഫോട്ടോഗ്രഫി ദിനമായി ആഘോഷിക്കുന്നത്.ഗ്രീക്ക് ഭാഷയിലെ ‘photos= light’, ‘graphein=to draw’ എന്ന പദങ്ങളില്‍ നിന്നാണ് ഫോട്ടോഗ്രഫി എന്ന പദം രൂപം കൊണ്ടത്. ലൂയി ടെഗ്വരെ എന്ന ഫ്രഞ്ച്കാരനാണ് ഫോട്ടോഗ്രഫിയുടെ പിതാവ് .

ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള ശാസ്ത്ര നേട്ടങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്
ഫോട്ടോഗ്രഫി. പലപ്പോഴും ഒറ്റ ക്ലിക്കിലൂടെ ഒരുപാട് കഥകൾ ഓരോ ഫോട്ടോയ്ക്കും പറയാനുണ്ട്. സമാധാനത്തിന്റെയും യുദ്ധത്തിന്റെയും സന്തോഷത്തിന്റെയും കഥകള്‍ പറഞ്ഞ ഫോട്ടോകൾ പിന്നീട് ലോകത്താകമാനം വലിയ ചര്‍ച്ചകള്‍ക്ക് വരെ വഴി തെളിയിച്ചിട്ടുണ്ട്.

ക്യാമറയുടെ കണ്ടുപിടുത്തം മനുഷ്യപുരോഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. മനുഷ്യന്റെ പല നേട്ടങ്ങള്‍ക്കും ക്യാമറ ഒരു നിര്‍ണായക സ്വാധീന ശക്തിയായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

AD 1015ല്‍ അറബ് പണ്ഡിതനായ ഇബ്ന്‍ – അല്‍ – ഹെയ്തം (Ibn-Al- Hytham) ആണ് സൂചിക്കുഴി ക്യാമറ (pin hole camera) ആശയം ലോകത്തിനു മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത് . ദ്വാരം ചെറുതാകുന്തോറും പ്രതിബിംബത്തിന്റെ വ്യക്തത ഏറുമെന്ന് അദ്ദേഹം കണ്ടുപിടിച്ചു. ഇതിനെ തുടര്‍ന്ന് നിരവധി പഠനങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലായി നടന്നു. ഇത് പ്രകാശത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും വഴി തെളിച്ചു.

ക്യാമറയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുവടുവെയ്പ്പായിരുന്നു 1837ല്‍ ഡാഗുറെയുടെ കണ്ടുപിടുത്തം. സില്‍വര്‍ അയഡൈഡ് പുരട്ടിയ ഗ്ലാസ് പ്ലേറ്റില്‍ ഒരു വസ്തുവിന്റെ പ്രതിബിംബം കൃത്യമായി മിനിറ്റുകള്‍ക്കുള്ളില്‍ പതിപ്പിക്കുന്നതിനും പിന്നീട് കറിയുപ്പ് ലായനിയില്‍ കഴുകി പ്രതിബിംബം പ്ലേറ്റില്‍ സ്ഥിരമായി ഉറപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം തെളിയിച്ചു. ഇത് ഫോട്ടോഗ്രഫിയെ കൂടുതല്‍ ജനകീയമാക്കി മാറ്റി.

ക്യാമറയുടെ വളര്‍ച്ചയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ കാലഘട്ടമാണ് 21-ാം നൂറ്റാണ്ട്. 1991 ആദ്യ ഡിജിറ്റല്‍ കാമറ കൊഡാക് നിര്‍മിച്ചുവെങ്കിലും, തങ്ങളുടെ വലിയ വിപണിയായ ഫിലിം നിര്‍മാണ കമ്പനി തകരുമോ എന്ന ആശങ്കയില്‍ അവര്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ പുറത്തു വിട്ടില്ല. പിന്നീട് നിക്കോണ്‍ ,കാനന്‍ ,ഫ്യൂജി ഉള്‍പ്പടെയുള്ള കമ്പനികള്‍ വന്‍ പരീക്ഷണങ്ങള്‍ നടത്തുകയും ഇന്നത്തെ നിലയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രചാരത്തില്‍ ആകുകയും ചെയ്തു

ഫിലിമുകളെ മാറ്റി നിര്‍ത്തി പ്രതിബിംബങ്ങളെ ഡിജിറ്റല്‍ കാര്‍ഡുകളില്‍ സൂക്ഷിക്കുന്ന രീതിയ്ക്ക് ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. എടുക്കുന്നതിനുള്ള സമയ ലാഭം എന്നതിനുപരി ചിലവും വളരെ കുറവാണിതിന്.

വാക്കുകളേക്കാള്‍ വാചാലമാകുന്ന, കഥപറയും ചിത്രങ്ങള്‍ ഒപ്പിയെടുക്കാന്‍ ആരേയും പ്രാപ്തമാക്കുന്നതാണ് ഇപ്പോഴത്തെ സാങ്കേതിക വിദ്യ. എടുക്കുന്ന ചിത്രങ്ങളില്‍ തങ്ങളുടേതായ കൈയ്യൊപ്പ് ചാര്‍ത്തുവാനുള്ള പരിശ്രമമാണ് ഇന്ന് ഓരോ ഫോട്ടോഗ്രാഫര്‍മാരും നടത്തുന്നത്.

Related Articles

Latest Articles