Saturday, June 29, 2024
spot_img

“അഫ്ഗാൻ മണ്ണിൽ പാക് താലിബാനേയും, ബലൂച് തീവ്രവാദികളേയും വളരാൻ അനുവദിക്കില്ല”; പാകിസ്ഥാനെ തിരിഞ്ഞുകൊത്തി താലിബാൻ

കാബൂൾ: താലിബാന്റെ എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ടുനിന്ന പാകിസ്ഥാനെ (Taliban Against Pakistan) തിരിഞ്ഞുകൊത്തി താലിബാൻ ഭീകരർ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാകിസ്ഥാനെതിരെയാണ് താലിബാന്റെ നീക്കങ്ങളെല്ലാം. ഇപ്പോഴിതാ മറ്റൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഭീകരർ. അഫ്ഗാനിസ്ഥാന്റെ മണ്ണിൽ പാകിസ്ഥാൻ ഭീകര സംഘടനകളായ തെഹ്‌രിക്-ഇ-താലിബാനേയും(ടിടിപി) ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയേയും(ബിഎൽഎ) വളരാൻ അനുവദിക്കില്ലെന്നാണ് താലിബാന്റെ ഉത്തരവ്. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും പാക് ചാരസംഘടനയായ ഐഎസ്‌ഐ മേധാവി ലഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദും കഴിഞ്ഞ ദിവസം കാബൂളിൽ താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

താലിബാൻ ഭരണകൂടത്തിന്റെ ഇടക്കാല പ്രധാനമന്ത്രിയായ മുല്ല മുഹമ്മദ് ഹസൻ അഖുന്ദുമായി നടത്തിയ ചർച്ചയിലാണ് താലിബാൻ പാകിസ്ഥാനോട് നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിൽ സമാധാനം നിലനിർത്തുമെന്നും മുല്ല മുഹമ്മദ് ഹസൻ അഖുന്ദ് വ്യക്തമാക്കി. അഫ്ഗാൻ മണ്ണിൽ നിന്ന് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ടിടിപിയെയും ബിഎൽഎയെയും അനുവദിക്കില്ല. രണ്ട് സംഘടനകളും പാകിസ്ഥാനിലും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളാണ്.

ഈ വർഷം മാത്രം പാകിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ, ബലൂചിസ്ഥാൻ മേഖലകളിൽ ടിടിപിയും ബിഎൽഎയും നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. സുരക്ഷാ സേനയെയും മതപരമായ ആഘോഷങ്ങളേയും ഇവർ ലക്ഷ്യം വയ്‌ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അഫ്ഗാന്റെ മണ്ണിലും അവരെ വളരാൻ അനുവദിക്കില്ലെന്നും താലിബാൻ നേതാക്കൾ പറഞ്ഞു. രാജ്യത്തിനകത്തുള്ള ഭീകര പ്രവർത്തനങ്ങൾ തടയുന്നതിലൂടെ മറ്റ് രാജ്യങ്ങളുടെ വിശ്വാസം നേടിയെടുക്കണമെന്ന് താലിബാൻ ഭരണകൂടത്തോട് നിർദ്ദേശിച്ചതായി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. അതേസമയം അഫ്ഗാൻ ഇപ്പോൾ കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലാണ്. ഇത് മറികടക്കാൻ മറ്റു രാജ്യങ്ങളുടെ പിന്തുണ നേടുന്നതിനാണ് പാകിസ്ഥാനെ താലിബാൻ പുറമെ തള്ളിപ്പറയുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Latest Articles