അരുണ്‍ ജയ്റ്റ്‌ലിക്ക്‌ ആദരം; ടെസ്റ്റ് മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ കൈയില്‍ കറുത്ത ബാന്‍ഡ് ധരിച്ച് കളിക്കാനൊരുങ്ങി ടീം ഇന്ത്യ

0

ദില്ലി: മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിന്‍റെ മൂന്നാം ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീം കൈയില്‍ കറുത്ത ബാന്‍ഡ് ധരിച്ചാകും കളിക്കുക.

ദില്ലി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായും, ബിസിസിഐ വൈസ് പ്രസിഡന്‍റായും അരുണ്‍ ജെയ്റ്റ്ലി ചുമതല വഹിച്ചിട്ടുണ്ട്. നേതാവിന്‍റെ അകാല നിര്യാണത്തില്‍ ബി.സി.സി.ഐ നേരത്തെ അനുശോചനം രേഖപ്പെടുത്തിരുന്നു. ക്രിക്കറ്റ് സമൂഹത്തിലെ മറ്റ് നിരവധി വ്യക്തികളും ദു.ഖമറിയിച്ചു. ക്രിക്കറ്റ് പ്രേമിയെന്ന് അറിയപ്പെട്ടിരുന്ന രാഷ്ട്രീയക്കാരന്‍റെ നിര്യാണത്തില്‍ കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്ലെയും ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിനും ദുഖം രേഖപ്പെടുത്തി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുതിര്‍ന്ന താരങ്ങളായ അനില്‍ കുംബ്ലെ, യുവരാജ് സിംഗ് എന്നിവരും സോഷ്യല്‍ മീഡിയയിലുടെ അനുശോചനം അറിയിച്ചു. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കരീബിയന്‍ ദ്വീപുകളില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുകയാണ്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 297 റണ്‍സ് നേടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here