ദില്ലി: ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന കാല്‍മുട്ടിനുള്ള ശസ്ത്രക്രിയക്ക് വിധേയനായി. വെള്ളിയാഴ്ച ആംസ്റ്റര്‍ഡാമിലായിരുന്നു ശസ്ത്രക്രിയ.

ട്വിറ്ററിലൂടെ ബി സി സി ഐയാണ് ചിത്രം സഹിതം ഇക്കാര്യം അറിയിച്ചത്. റെയ്‌നയ്ക്ക് ആറാഴ്ചത്തെയെങ്കിലും വിശ്രമം ആവശ്യമാണെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. എച്ച്. വാന്‍ ഡെര്‍ ഹോവെന്‍ അറിയിച്ചു. ഇതോടെ ഈ ആഭ്യന്തര ക്രിക്കറ്റ് സീണിലെ നല്ലൊരു പങ്കും മുപ്പത്തിരണ്ടുകാരനായ റെയ്‌നയ്ക്ക് കളിക്കാനാവില്ല.

ഏതാനും മാസങ്ങളായി മുട്ടുവേദന അനുഭവിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം കൂടിയായ റെയ്‌ന മെയില്‍ ഐപി എല്ലിനുശേഷം മത്സരരംഗത്ത് സജീവമായിരുന്നില്ല. 2018 ജൂലായില്‍ ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിനമായിരുന്നു അവസാനം കളിച്ച അന്തര്‍ദേശീയ മത്സരം. 2010 ജൂലൈയ്ക്ക് ശേഷം ടെസ്റ്റും കളിച്ചിട്ടില്ല.

ഇന്ത്യയ്ക്കുവേണ്ടി 18 ടെസ്റ്റും 226 ഏകദിനങ്ങളും 78 ട്വന്‍റി-20യും കളിച്ച താരമാണ് റെയ്‌ന. 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു. ടെസ്റ്റില്‍ ഒരു സെഞ്ചുറി അടക്കം 768 ഉം ഏകദിനത്തില്‍ അഞ്ച് സെഞ്ചുറി അടക്കം 5615 റണ്‍സും നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here