കൊല്‍ക്കത്തയുടെ തോല്‍വിക്ക് കാരണം ഇവരാണ്; ഇതു നാണക്കേട്, തുറന്നടിച്ച്‌ വിരേന്ദര്‍ സെവാഗ്

Virender Sehwag

0
Virender Sehwag has slammed Kolkata Knight Riders

ദില്ലി: മുംബൈ ഇന്ത്യന്‍സിനെതിരേ അനായാസം ജയിക്കുമായിരുന്ന കളി കളഞ്ഞുകുളിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ്. കൊല്‍ക്കത്ത അനായാസം വിജയം സ്വന്തമാക്കുമെന്ന് കരുതിയ മത്സരത്തില്‍ പത്ത് റണ്‍സിനായിരുന്നു മുംബൈയ്ക്കു മുന്നില്‍ കൊല്‍ക്കത്ത തകർന്നു വീണത്.

ഒരു ഘട്ടത്തില്‍ വിജയത്തിനായി 28 ബോളില്‍ 31 റണ്‍സ് മാത്രമേ കെകെആറിനു ആവശ്യമായിരുന്നുള്ളൂ. പക്ഷെ ഏഴു വിക്കറ്റിന് 142 റണ്‍സാണ് അവര്‍ക്കു നേടാനായത്. കൊല്‍ക്കത്ത നിരയില്‍ രണ്ടു താരങ്ങളുടെ ബാറ്റിങ് പ്രകടനത്തെയാണ് സെവാഗ് ചോദ്യം ചെയ്തത്. ഒന്നു മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തിക്കാണെങ്കില്‍ മറ്റൊരാള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലായിരുന്നു.

കെകെആര്‍ ഇനിയുള്ള മല്‍സരങ്ങളിലും ഇതുപോലെ പോസിറ്റീവ് മനോഭാവത്തോടെ തന്നെ കളിക്കുമെന്നായിരുന്നു കെകെആര്‍ നായകന്‍ ഇയോന്‍ മോര്‍ഗന്‍ കളിക്കു ശേഷം പറഞ്ഞത്. എന്നാല്‍ ഇതിനോടു താന്‍ യോജിക്കുന്നില്ലെന്നു സെവാഗ് പറഞ്ഞു. ദിനേഷ് കാര്‍ത്തികും ആന്ദ്രെ റസ്സലും ഇങ്ങനെയൊരു മനോഭാവത്തോടെയാണ് ബാറ്റ് ചെയ്തതെന്നു എനിക്കു തോന്നുന്നില്ല. അവസാന ഓവറിലെ അവസാന ബോള്‍ വരെയെങ്കിലും കളിച്ച് ടീമിനെ വിജയിപ്പിക്കുകയെന്ന തരത്തിലായിരുന്നു രണ്ടു പേരുടെയും ബാറ്റിങ്. പക്ഷെ അതു സംഭവിച്ചില്ല. ഇവര്‍ക്കു മുന്നെ ബാറ്റ് ചെയ്ത ഷാക്വിബുല്‍ ഹസന്‍, ഇയോന്‍ മോര്‍ഗന്‍, ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ ഇവരില്‍ ആരുമാവട്ടെ അവരെല്ലാം പോസിറ്റീവ് മനോഭാവത്തോടെയാണ് കളിച്ചതെന്നും സെവാഗ് വ്യക്തമാക്കി.

ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ ഈ രണ്ടു പേരില്‍ ഒരാള്‍ അവസാനം വരെ ക്രീസില്‍ തുടരണമായിരുന്നുവെന്നും സെവാഗ് അഭിപ്രായപ്പെട്ടു. നേരത്തേ മുംബൈയുടെ ഇന്നിങ്സില്‍ എന്താണ് സംഭവിച്ചതെന്നു അവര്‍ക്ക് മുന്നില്‍ ഒരു പാഠമായുണ്ടായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും 152 റണ്‍സ് മാത്രമേ മുംബൈയ്ക്കു നേടാനായുള്ളൂവെന്നും സേവാഗ് വിലയിരുത്തി.