Wednesday, April 24, 2024
spot_img

പിഎസ്‍ജി കാണിച്ചത് മര്യാദകേട്!! തുറന്നടിച്ച് കവാനിയുടെ അമ്മ

ഉറുഗ്വേയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ എഡിന്‍സണ്‍ കവാനിയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നിലവില്‍ ഫുട്ബോള്‍ ലോകത്ത് സജീവമായിരിക്കുന്നത്. കവാനി ഉടന്‍ തന്നെ പിഎസ്‍ജി വിടുമെന്ന് മുഖ്യപരിശീലകന്‍ തോമസ് ടച്ചല്‍ തന്നെയാണ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ താരം എപ്പോഴാണ് ക്ലബ്ബ് വിടുകയെന്നും എങ്ങോട്ടാണ് പോകുന്നതെന്നും അടക്കമുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഫെബ്രുവരിയില്‍ തന്നെ കവാനി ക്ലബ്ബ് വിടുമെന്നാണ് കോച്ച് വ്യക്തമാക്കുന്നത്.

പിഎസ്‍‍ജി വിടുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഏതുവിധേനയും കവാനിയെ സ്വന്തമാക്കാന്‍ വമ്പന്‍ ക്ലബ്ബുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡാണ് താരത്തിനായി ഏറ്റവും മുന്‍പന്തിയില്‍ ഉള്ളത്. താരവുമായി നേരത്തേ തന്നെ ക്ലബ്ബ് ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കവാനി അത്ലറ്റികോയുടെ ഭാഗമാകാനാണ് സാധ്യത കൂടുതലും.

പിഎസ്ജിയുടെ എക്കാലത്തെയും മികച്ച സ്ട്രൈക്കറും പിഎസ്ജിക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവുമാണ് എഡിന്‍സണ്‍ കവാനി. എന്നാല്‍ കരാര്‍ തീരുന്നതോടെയാണ് കവാനിക്ക് പുറത്തേക്കുള്ള വഴി ഒരുങ്ങുന്നത്. എന്നാല്‍ മറ്റൊരു ക്ലബ്ബിലേക്ക് മാറുന്ന കാര്യത്തിലും മര്യാദയില്ലാത്ത സമീപനമാണ് പിഎസ്ജി സ്വീകരിക്കുന്നതെന്ന് കവാനിയുടെ അമ്മ ബെര്‍റ്റ ഗോമസ് കുറ്റപ്പെടുത്തുന്നു. അത്ലറ്റികോ മാഡ്രിഡുമായി ചര്‍‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ മൂന്ന് തവണയാണ് അത്ലറ്റികോയുടെ പ്രൊപോസലുകള്‍ പിഎസ്ജി തള്ളിക്കളഞ്ഞതെന്ന് അവര്‍ വ്യക്തമാക്കുന്നു.

പിഎസ്ജി വിട്ട് ലാലിഗയില്‍ അത്ലറ്റികോ മാഡ്രിഡിന് വേണ്ടി കളിക്കണമെന്നതാണ് തന്‍റെയും കവാനിയുടെയും ആഗ്രഹം. ഇത് നേരത്തേ തന്നെ തങ്ങളുടെ ആഗ്രഹമായിരുന്നു. പക്ഷേ അത് തീരുമാനിക്കേണ്ടത് കവാനി മാത്രമല്ല. പിഎസ്ജിയുടെയും അത്ലറ്റികോയുടേയും തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഇതെന്നും ബെര്‍റ്റ ഗോമസ് പറയുന്നു.

Related Articles

Latest Articles