നൂറുതവണ ഇനി ആ മത്സരം കളിച്ചാലും ആ സിംഗിളിന് ഞാനോടില്ല, സിംഗിള്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സഞ്ജു

Sanju Samson

0
Sunil Gavaskar after Sanju Samson fails to fire vs RCB

ഐപിഎല്ലില്‍ ഏറെ ചർച്ചകൾക്കു വഴിയൊരുക്കിയ സിംഗിള്‍ നിഷേധത്തെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. മോറിസ് തന്റെ ഫിനിഷിങ് പാടവം ഡിസിക്കെതിരായ ഗംഭീര പ്രകടനത്തിലൂടെ തെളിയിച്ചെങ്കിലും സിംഗിളെടുക്കാന്‍ വിസമ്മതിച്ച അതേ തീരുമാനത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി സഞ്ജു വ്യക്തമാക്കി. ഡിസിക്കെതിരേയുള്ള മല്‍സരത്തിലെ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലായ്പ്പോഴും മത്സരങ്ങൾക്കുശേഷം സ്വസ്ഥമായിരുന്ന് എന്റെ പ്രകടനം ഇഴകീറി പരിശോധിക്കാറുണ്ട്. ഒരു കാര്യം ഉറപ്പാണ്. ആ മത്സരം ഇനിയും 100 വട്ടം കളിക്കാൻ അവസരം ലഭിച്ചാലും ആ സിംഗിൾ ഞാൻ എടുക്കില്ല’ ഇതായിരുന്നു സഞ്ജുവിന്റെ മറുപടി.

അതേസമയം ഡേവിഡ് മില്ലറം ക്രിസ് മോറിസും ടീമിലുണ്ടായിരുന്നതിനാല്‍ തന്നെ മുന്‍നിര തകര്‍ന്നപ്പോഴും തനിക്കു വിജയപ്രതീക്ഷയുണ്ടായിരുന്നതായി സഞ്ജു പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ വിജയം വളരെ കടുപ്പമായിരിക്കുമെന്ന് തന്നെയായിരുന്നു ഞാന്‍ ചിന്തിച്ചത്. ഉജ്ജ്വലമായി പൊരുതിയാണ് ഞങ്ങള്‍ ഫിനിഷിങ് ലൈന്‍ കടന്നത്. സാഹചര്യങ്ങളെ മനസ്സിലാക്കി കളിക്കുകയെന്നതാണ് പ്രധാനം. തുടക്കം വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

അതേസമയം സഞ്ജു നിരസിച്ച സിംഗിളിനെ കുറിച്ച് മോറിസ് നല്‍കിയ മറുപടി ഇതായിരിന്നു. എന്തു സംഭവിച്ചാലും താന്‍ തിരിച്ചോടാന്‍ തയ്യാറായിരുന്നുവെന്നാണ് മോറിസ് നല്‍കിയ മറുപടി. സഞ്ജു മനോഹരമായി കളിക്കുകയായിരുന്നു. സ്വപ്‌നതുല്യമായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. അവന്‍ അവസാന പന്ത് സിക്‌സ് അടിക്കുകയായിരുന്നുവെങ്കില്‍ ഞാന്‍ സന്തോഷിക്കുമായിരുന്നുവെന്നും മോറിസ് പറഞ്ഞു. തന്നെ ടീമിലെടുത്തിരിക്കുന്നത് അടിക്കാനാണെന്നും താന്‍ എന്താണെന്ന് തനിക്കറിയാമെന്നും മോറിസ് പറയുന്നു.