കൊവിഡ് ഭീതി: ടോക്കിയോ ഒളിംപിക്‌സ് നീട്ടിവച്ചു

ടോക്കിയോ: കൊവിഡ്19 പടരുന്ന പശ്ചാത്തലത്തിൽ ടോക്കിയോ ഒളിംപിക്‌സ് നീട്ടിവച്ചു. ഈ വര്‍ഷം ജൂലൈ 24ന് ആരംഭിക്കേണ്ട ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്കാണ് മാറ്റിവച്ചത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജപ്പാനും രാജ്യാന്തര ഒളിംപിക് സമിതിയും ഇക്കാര്യത്തില്‍ ധാരണയിലെത്തുകയായിരുന്നു.

അതേസമയം, കൊറോണ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ തന്നെ ഒളിംപിക്‌സ് മാറ്റിവെയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തിന് മുന്‍കൈയ്യെടുക്കാന്‍ രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി തയ്യാറായിരുന്നില്ല.

കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ജപ്പാനിലേക്ക് ടീമിനെ അയക്കില്ലെന്ന് ബ്രിട്ടണും കാനഡയും ഓസ്‌ട്രേലിയയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കായികതാരങ്ങളുടെ അഭിപ്രായങ്ങളും ജപ്പാനെയും ഒളിംപിക് സമിതിയേയും സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.ഒളിംപിക്‌സ് മാറ്റിവെക്കണമെന്ന് അമേരിക്കന്‍ അത്‌ലറ്റിക്‌സ് ഇതിഹാസം കാള്‍ ലൂയിസും അഭിപ്രായപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here