ആധുനികഭാരതത്തിന്‍റെ ആധ്യാത്മിക ഗുരു എന്നു വിശേഷിപ്പിക്കപ്പെടുന്ന ഋഷിവര്യന്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെ സമാധിദിനമാണ് ഇന്ന്.മഹാകാളിയുടെ ഉപാസകനായി കൊല്‍ക്കത്തയിലെ ദക്ഷിണേശ്വരം ക്ഷേത്രത്തിന്‍റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ജീവിതത്തിന്‍റെ ഭൂരിഭാഗവും കഴിച്ചുതീര്‍ത്ത അദ്ദേഹം പക്ഷെ ആധുനിക ഭാരതത്തില്‍ ദാര്‍ശനിക വിപ്ലവത്തിന്‍റെ അഗ്നിജ്വാല പടര്‍ത്തിയ മഹാനുഭാവന്‍ കൂടിയായിരുന്നു. വൈദികധര്‍മത്തിന് ആധുനിക മുഖം നല്‍കി ലോകമെന്പാടും ഋഷിമാരുടെ സന്ദേശം എത്തിച്ച സ്വാമി വിവേകാനന്ദനെ ലോകത്തിന് സമ്മാനിച്ചത് ശ്രീരാമകൃഷ്ണ പരമഹംസരായിരുന്നു .ഈശ്വരസാക്ഷാത്കാരത്തിന് മതങ്ങളല്ല, കര്‍മ്മമാണ് പ്രധാനമെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിരീക്ഷണം.

സ്വന്തം പേരുപോലും അക്ഷരത്തെറ്റുകൂടാതെ എഴുതാന്‍ കഴിയാതിരുന്നിട്ടും തന്‍റെ അതുല്യ പ്രതിഭാവിലാസംകൊണ്ട് ഉന്നത ബിരുദ ധാരികളെപ്പോലും അതിശയിപ്പിച്ച യോഗീശ്വരനായിരുന്നു ശ്രീരാമകൃഷ്ണ പരമ ഹംസര്‍. എല്ലാ മതതത്വങ്ങളിലും കുടികൊള്ളുന്നവ ഒരേ ധര്‍മത്തിന്‍റെ വിഭിന്ന ഭാവങ്ങളാണെന്ന് തിരിച്ചറിഞ്ഞ ആധ്യാത്മികാചാര്യന്‍ കൂടിയായിരുന്നു അദ്ദേഹം.

ഗദാധരന്‍ എന്നായിരുന്നു രാമകൃഷ്ണന്‍റെ കുട്ടിക്കാലത്തെ പേര്. ബംഗാളില്‍ ഹുഗ്ലിജില്ലയില്‍ കമാര്‍ പുക്കുര്‍ എന്ന ഗ്രാമത്തില്‍ 1836 ഫെബ്രുവരി 17-നായിരുന്നു ജനനം. ബ്രാഹ്മണ ദമ്പതിമാരായിരുന്ന ക്ഷുദ്രിരാമനും ചന്ദ്രമണിയുമായിരുന്നു ഗദാധരന്‍റെ മാതാപിതാക്കള്‍. സ്‌കൂളില്‍ പോയി പഠിക്കാന്‍ കൂട്ടാക്കാതിരുന്ന ഗദാധരന്‍ ചിത്രരചനയിലും മണ്ണുകൊണ്ട് ദൈവ പ്രതിമകള്‍ നിര്‍മിക്കുന്നതിലും സന്തോഷം കണ്ടെത്തി. ഈശ്വരപൂജയും പുരാണേതിഹാസങ്ങളുടെ പാരായണവുമായിരുന്നു ഇഷ്ടം. 16 വയസ്സ്
കഴിഞ്ഞപ്പോള്‍ ജീവിതവൃത്തിക്കായി ജ്യേഷ്ഠനോടൊപ്പം കല്‍ക്കത്തയിലെ വിവിധ കുടുംബങ്ങളില്‍ പൂജാരിയായി ജോലിനോക്കി. ഏറെ താമസിയാതെ തന്നെ
ദക്ഷിണേശ്വരത്തെ കാളീക്ഷേത്രത്തില്‍ ഗദാധരന്‍ മുഖ്യ പൂജാരിയായിത്തീര്‍ന്നു.

ദക്ഷിണേശ്വരത്തെ കാളിക്ഷേത്രത്തില്‍ പൂജയാരംഭിച്ചതോടെ ഗദാധരന്‍റെ ആരാധനാശ്രമങ്ങളിലും സ്വഭാവങ്ങളിലും പ്രകടമായ മാറ്റം കണ്ടുതുടങ്ങി. സമയക്രമം നോക്കാതെ അദ്ദേഹം സ്വയംമറന്ന് കാളീപൂജയില്‍ മുഴുകി. പലപ്പോഴും രാത്രികാലങ്ങളില്‍ സമീപപ്രദേശമായ പഞ്ചവടിയിലെ വനപ്രദേശത്തുചെന്ന് ഏകാന്തധ്യാനത്തിലിരിക്കുക പതിവായി. ഈശ്വര സാക്ഷാത്കാരത്തിനായി പലപ്പോഴും ശരീരത്തെ മറന്നും, പരിസരബോധമില്ലാതെ കാളീദേവിയോട് ദീനദീനം കരഞ്ഞും തന്‍റെ ഭക്തി ഉന്മാദത്തോളമെത്തിനില്‍ക്കുന്ന സ്ഥിതിയിലായി. ഊണും ഉറക്കവും ഉടുതുണിപോലും വെടിഞ്ഞുള്ള ഗദാധരന്‍റെ ഭക്തി എല്ലാ സീമകളും അതിലംഘിച്ച് വളര്‍ന്നു. ക്ഷേത്രപൂജയുടെ സമയക്രമമെല്ലാം താളംതെറ്റി. ഭക്തിയുടെ പാരമ്യതയില്‍ ഒരുദിവസം ദേവിക്കുമുന്‍പില്‍ സ്വയം ബലിയര്‍പ്പിക്കാനായി വാളെടുത്ത് സ്വയം ശിരസ്സ് ഛേദിക്കാനൊരുങ്ങിയപ്പോള്‍ കണ്ടുനിന്നവരാരോ തടഞ്ഞെന്നും ആ നിമിഷത്തോടെ ഗദാധരന് ദേവീദര്‍ശനം സാധ്യമായി എന്നുമാണ് കഥ. ഇതോടെ അദ്ദേഹം രാമകൃഷ്ണന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ ഇടയായി.

പൂജാകാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ ദക്ഷിണേശ്വരത്ത് മകന്‍ ഭ്രാന്തമായ അവസ്ഥയില്‍ ജീവിക്കുകയാണെന്നറിഞ്ഞ് അമ്മ ചന്ദ്രമണീദേവി പരിഭ്രാന്തയായി. അവര്‍ രാമകൃഷ്ണനെ കമാര്‍പുക്കുറിലെ വീട്ടിലേക്ക് മടക്കിക്കൊണ്ടുവന്നു. വീട്ടിലെത്തിയിട്ടും ഉന്മാദാവസ്ഥയില്‍ തുടര്‍ന്ന രാമകൃഷ്ണനെ നന്നാക്കിയെടുക്കാനായി വിവാഹമെന്ന അറ്റകൈ പ്രയോഗിച്ചു. അങ്ങനെ കേവലം അഞ്ചുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന ജയറാംവാടിയിലെ ശാരദാമണിദേവിക്ക് രാമകൃഷ്ണനെക്കൊണ്ട് വരണമാല്യം ചാര്‍ത്തിച്ചു. എന്നാല്‍ ഒന്നര വര്‍ഷത്തിനകംതന്നെ രാമകൃഷ്ണന്‍ ദക്ഷിണേശ്വരത്ത് തിരിച്ചെത്തി ആധ്യാത്മിക സാധനകളില്‍ മുഴുകി.

”എല്ലാ സ്ത്രീകളിലും ദേവി അധിവസിക്കുന്നുവെന്ന് അമ്മ തന്നെ എനിക്ക് കാണിച്ചുതരികയുണ്ടായി. അതിനാല്‍ എല്ലാ സ്ത്രീകളെയും ദേവിയെപ്പോലെ കാണുവാന്‍ ഞാന്‍ അഭ്യസിച്ചുകഴിഞ്ഞിരിക്കുന്നു.” രാമകൃഷ്ണന്‍ താന്‍ വിവാഹം ചെയ്ത ശാരദാദേവിയോട് പറഞ്ഞതാണിത്. അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ അവര്‍ ജീവിതാന്ത്യംവരെ അദ്ദേഹത്തിന്‍റെ പാത പിന്തുടര്‍ന്ന് ഒരു ശിഷ്യയായി കഴിയാനാണ് തന്‍റെ ആഗ്രഹമെന്ന് അറിയിച്ചു. ഒരു അമാവാസി നാളില്‍ ശ്രീരാമകൃഷ്ണന്‍ ശാരദയെ ദേവിയുടെ ജീവസ്വരൂപമായി കണ്ടുകൊണ്ട് ഒരു മുറിയിലെ പീഠത്തിലിരുത്തി കാളീദേവിയെന്നപോലെ ആരാധന നടത്തി. അതോടെ ശാരദാദേവി ദിവ്യമാതാവായി അറിയപ്പെടാന്‍ തുടങ്ങി.

ശ്രീരാമകൃഷ്ണന്‍ ഒരു മുസ്ലിം സൂഫി ഫക്കീറുമായി ബന്ധപ്പെട്ട് ഇസ്ലാമിക മതദര്‍ശനങ്ങള്‍ സ്വായത്തമാക്കി. കുറച്ചു കാലം അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ച് ഇസ്ലാമിക രീതികളും വസ്ത്രവിധാനങ്ങളുമൊക്കെ സ്വീകരിച്ചു. ക്രിസ്തുമതത്തിലൂടെ ഈശ്വര സാക്ഷാത്കാരം നേടാനുള്ള മോഹം ശ്രീരാമകൃഷ്ണനില്‍ നിറഞ്ഞതോടെ അദ്ദേഹം കൊല്‍ക്കത്തയില്‍ ശംഭുചരണ്‍ മല്ലിക് എന്ന മഹാനില്‍ നിന്ന് ക്രിസ്തുമത ദര്‍ശനങ്ങളും പഠിച്ചു.

ശ്രീരാമകൃഷ്ണ പരമഹംസര്‍ ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് സ്വാമി വിവേകാനന്ദന്‍ എന്ന ശിഷ്യന്‍. യുക്തിക്ക് നിരക്കാത്തതൊന്നും വിശ്വസിക്കുകയില്ലെന്ന നിശ്ചയദാര്‍ഢ്യവുമായി ഈശ്വരന്‍റെ അസ്തിത്വം അന്വേഷിച്ച് പരമഹംസരുടെ അടുത്തെത്തിയ വിവേകാനന്ദനെ പ്രഥമ ദര്‍ശനത്തില്‍ തന്നെ അദ്ദേഹം കീഴടക്കിക്കളഞ്ഞു. ”അങ്ങ് സത്യമായും ദൈവത്തെ കണ്ടിട്ടുണ്ടോ?” എന്ന ചോദ്യത്തിന് ”ഉവ്വ്, ഞാന്‍ ദൈവത്തെ കാണുന്നു; ഇപ്പോള്‍ നിന്നെ കാണുന്നതുപോലെ തന്നെ. കൂടുതല്‍ തീക്ഷ്ണതയോടെയാണെന്ന് മാത്രം” എന്ന ഗുരുവിന്‍റെ ഉത്തരവും തുടര്‍ന്ന് നല്‍കിയ അദ്ഭുതകരമായ ആധ്യാത്മികാനുഭവങ്ങളും വിവേകാനന്ദനെ ആകെ മാറ്റി മറിച്ചു. രാമകൃഷ്ണനില്‍ ആകൃഷ്ടനായ വിവേകാനന്ദന്‍ അദ്ദേഹത്തിന്‍റെ ഉത്തമനായ ശിഷ്യനായി തീര്‍ന്നു. നൂറ്റി മുപ്പത്തി ഒന്ന് വർഷങ്ങൾക്കു മുന്നേ ഇതേ ദിവസം പുലർച്ചെ 1:02 നാണ് ഭഗവാന്‍ ശ്രീരാമകൃഷ്ണ പരമഹംസർ മഹാസമാധിയിൽ ലയിച്ചത്

ശ്രീരാമകൃഷ്ണ പരമഹംസരുടെ ആശയാഭിലാഷങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സ്വാമി വിവേകാനന്ദന്‍റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ ഗംഗാനദിയുടെ പടിഞ്ഞാറെ തീരത്ത് ബേലൂരില്‍ രാമകൃഷ്ണമഠം എന്ന പേരില്‍ ഒരു സന്ന്യാസി സംഘം തുടങ്ങി. 1901 ജനുവരി 30-നാണ് സന്ന്യാസിമാര്‍ മാത്രം ഉള്‍പ്പെട്ട ഒരു ട്രസ്റ്റിയായി ഇത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ആധ്യാത്മിക സാധനകള്‍ക്കൊപ്പംതന്നെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍കൂടി ഏറ്റെടുത്തു നടത്തുന്ന രാമകൃഷ്ണ മഠത്തിന് ഇന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായി ഒട്ടേറെ ശാഖകളുണ്ട്.

സന്ന്യാസിമാരോടൊപ്പം രാമകൃഷ്ണനിലും അദ്ദേഹത്തിന്‍റെ സന്ദേശത്തിലും ആകൃഷ്ടരായ ഗൃഹസ്ഥരെകൂടി ഉള്‍പ്പെടുത്തിയാണ് രാമകൃഷ്ണമിഷന്‍ സ്ഥാപിതമായത്. 1909 മേയ് 4ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട രാമകൃഷ്ണ മിഷന്‍ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും മറ്റ് മേഖലകളിലും സജീവമായി ഇടപെട്ടുകൊണ്ട് ഇപ്പോഴും ഇന്ത്യയിലും വിദേശങ്ങളിലും ഒട്ടേറെ ശാഖകളുമായി പ്രവര്‍ത്തിക്കുന്നു.ആ മഹാനുഭാവന്‍റെ പാവന സ്മരണയ്ക്കു മുന്നിൽ തത്വമയി ന്യൂസിന്‍റെ പ്രണാമം.

LEAVE A REPLY

Please enter your comment!
Please enter your name here