മണ്ഡലപൂജയ്ക്ക് ധന്യതയേകുന്ന തങ്കഅങ്കി ചൈതന്യം

0

41 ദിവസം നീണ്ട ജപതപസ്സുകൾക്ക് സമാപനം കുറിച്ചുകൊണ്ട് ശബരിമല സന്നിധാനത്ത് നടക്കുന്ന മണ്ഡലപൂജാ വേളയിൽ അയ്യപ്പ വിഗ്രഹത്തിൽ അണിയിക്കുന്ന സ്വർണ്ണാവരണമാണ് തങ്കഅങ്കി .
1973-ൽ . തിരുവിതാംകൂർ മഹാരാജാവ്‌ ശ്രീ ചിത്തിരതിരുനാൾ നടയ്ക്കുവച്ചതാണ് 420 പവൻ തൂക്കമുള്ള തങ്കയങ്കി .

ആറന്മുളപാർത്ഥസാരഥി ക്ഷേത്രത്തിന്റെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തങ്കയങ്കി മണ്ഡലപൂജാവേളയിലാണ് ശബരിമലയിലേക്ക് എഴുന്നള്ളിക്കുന്നത് .പതിനെട്ടാം പടിയും കൊടിമരവും ശ്രീകോവിലും ഉൾപ്പെട്ട ശബരിമല ക്ഷേത്രത്തിന്റെ ആകൃതിയിൽ ഒരുക്കിയ രഥത്തിലാണ്‌ തങ്കയങ്കി ഘോഷയാത്രയായി കൊണ്ടുപോകുന്നത്‌.

കോഴഞ്ചേരി കൊച്ചീരേത്ത്‌ തങ്കപ്പനാചാരിക്കാണ്‌ പതിവായി രഥം തെളിക്കാനുള്ള നിയോഗം. സ്വന്തം ജീപ്പിന്റെ മുകൾഭാഗം അഴിച്ചുമാറ്റിയാണ്‌ തങ്കപ്പനാചാരി ഓരോ വർഷവും രഥം തയ്യാറാക്കുന്നത് . രഥത്തിൽ കമനീയമായ ചിത്രപ്പണികളും പുലിക്കൂട്ടവുമായി അയ്യപ്പൻ പന്തളം കൊട്ടാരത്തിൽ പ്രവേശിക്കുന്ന നിശ്ചലദൃശ്യവുമെല്ലാം ആവിഷ്കരിച്ചിരിക്കുന്നു .

ആദ്യകാലത്ത്‌ കോട്ടയത്തുനിന്ന്‌ ഹംസരഥം കൊണ്ടുവന്ന്‌ അതിലായിരുന്നു തങ്കയങ്കി കൊണ്ടുപോയിരുന്നത്‌. സ്വന്തം കൈയാൽ രഥമൊരുക്കി എഴുന്നള്ളിക്കാൻ തങ്കപ്പനാചാരിക്ക്‌ വർഷങ്ങൾക്കപ്പുറത്തുള്ള ഒരു അനുഭവത്തിൻെറ പിൻബലം തന്നെ പറയാനുണ്ട് .

ഹംസരഥം ഒരുക്കാനായി പതിവായി തങ്കപ്പനാചാരിയായിരുന്നു ജീപ്പുമായി കോട്ടയത്തു പോയിരുന്നത്‌. ഒരിക്കൽ തിരുനക്കര ക്ഷേത്രത്തിൻെറ വടക്കേനടയിൽ നിന്നു രാത്രി ജീപ്പു മോഷണം പോയി. പിറ്റേന്നു പുലർച്ചെ രഥമൊരുക്കി തങ്കയങ്കി കൊണ്ടുപോകാനായി ജീപ്പ്‌ ആറന്മുളയിൽ എത്തിക്കണമായിരുന്നു.

മനമുരുകി അയ്യപ്പസ്വാമിയെ പ്രാർഥിച്ച തേരാളി ജീപ്പു തിരികെ കിട്ടിയാൽ വീട്ടിൽ വെച്ചുതന്നെ സ്വന്തമായി രഥം തയ്യാർ ചെയ്‌ത്‌ ഇനിമുതൽ എത്തിക്കാമെന്ന്‌ ഉണർത്തിച്ചു. അത്ഭുതമെന്നപോലെ പുലർച്ചയ്‌ക്കു മുമ്പായി കഞ്ഞിക്കുഴിക്ക്‌ സമീപത്തു നിന്ന്‌ ഉപേക്ഷിക്കപ്പെട്ട നിലയിൽ ജീപ്പ്‌ കണ്ടെത്തി. വീടുപണിക്കായി സൂക്ഷിച്ചിരുന്ന തടികൊണ്ട്‌ ക്ഷേത്രമാതൃകയിൽ തന്നെ രഥമൊരുക്കി അതു തെളിച്ച്‌ ഇന്നും തങ്കപ്പനാചാരി തങ്കയങ്കിയുടെ തേരാളിയാകുന്നു.

മണ്‌ഡലപൂജയുടെ രണ്ടുനാൾ മുൻപ് രാവിലെ 6.30ന്‌ തങ്കയങ്കി രഥയാത്ര തിരുവാറന്മുളയിൽ നിന്നും പുറപ്പെടുന്നു . കോഴഞ്ചേരി, ഇലന്തൂര്‍, ഓമല്ലൂർ‍, പത്തനംതിട്ട, കുമ്പഴ, കോന്നി, വെട്ടൂർ വഴി മലയാലപ്പുഴ ദേവീക്ഷേത്രത്തിലെത്തി രാത്രി വിശ്രമിക്കും. രണ്ടാംനാൾ മണ്ണാറക്കുളഞ്ഞി, റാന്നി, രാമപുരം, വടശ്ശേരിക്കര, മാടമൺ വഴി പെരുനാട്‌ ക്ഷേത്രത്തിലും മണ്‌ഡലപൂജ ദിവസം ളാഹ-സത്രം, പ്ലാപ്പള്ളി, നിലയ്‌ക്കൽ വഴി പമ്പയിൽ പകൽ 12.30നു രഥയാത്രയെത്തും.

വഴിനീളെ നിറപറയും ആരതിയും വാദ്യമേളവും വെടിക്കെട്ടും അന്നദാനവുമായി അയ്യപ്പഭക്തർ തങ്കയങ്കി രഥയാത്രയെ സ്വീകരിക്കും.

മൂന്നാം ദിവസം പമ്പയിൽനിന്നു 3ന്‌ പുറപ്പെട്ട്‌ 5ന്‌ ശരംകുത്തിയിൽ എത്തുന്ന തങ്കയങ്കി ഘോഷയാത്ര ദേവസ്വം അധികൃതരും അയ്യപ്പസേവാസംഘം ഭാരവാഹികളും ചേർന്ന് സന്നിധാനത്തിലേക്ക്‌ സ്വീകരിച്ചാനയിക്കും. തുടർന്നാണ്‌ തങ്കയങ്കി ചാർത്തി ദീപാരാധനയും നടക്കും .മണ്ഡലപൂജാദിനത്തിലും ഉച്ചക്ക് അയ്യപ്പവിഗ്രഹത്തിൽ തങ്കഅങ്കി ചാർത്തിയാണ് മണ്ഡലപൂജാചടങ്ങുകളും നടക്കുക .

LEAVE A REPLY

Please enter your comment!
Please enter your name here