Sunday, July 7, 2024
spot_img

സമൂഹമാദ്ധ്യമം തുണയായി … 19 വർഷം മുൻപ് മനുഷ്യകടത്തുമൂലം വേർപിരിഞ്ഞ സഹോദരിയെ കണ്ടെത്തി ജോർജിൻ യുവതി; 50 വർഷത്തിനിടെ ജോർജിയൻ മാഫിയ മോഷ്ടിച്ച് വിറ്റത് 1.2 ലക്ഷം കുഞ്ഞുങ്ങളെ!!!

ടിബിലിസി: സോഷ്യൽ മീഡിയയുടെ സാധ്യതകൾ അനന്തമാണെന്ന് നാം പലപ്പോഴും പറഞ്ഞു കേൾക്കാറുണ്ട്. 2018ലെ പ്രളയ നാളുകളിൽ സോഷ്യൽ മീഡിയ വഴിയുള്ള പ്രളയ ദുരിതാശ്വാസ ഏകീകരണവും നമ്മൾ കണ്ടതാണ്. സോഷ്യൽ മീഡിയ യുവജനങ്ങളെ വഴിതെറ്റിക്കുന്നു എന്ന ആരോപണം ആദ്യം മുതലേ ഉള്ളതാണെങ്കിലും വേണ്ട രീതിയിൽ ഉപയോഗിച്ചാൽ അത് അത് നൽകുന്ന സാധ്യതകൾ അനന്തമാണ്. ഇപ്പോൾ 19 വർഷം മുൻപ് മനുഷ്യക്കടത്തുകാർ മൂലം വേർപിരിഞ്ഞ തന്റെ ഇരട്ടയായ സഹോദരിയെ സോഷ്യൽ മീഡിയ നിമിത്തം കണ്ടെത്തിയിരിക്കുകയാണ് എലീൻ ഡെയ്സാദ്സെ എന്ന 19 കാരിയായ ജോർജിയൻ യുവതി.

രണ്ടുവർഷം മുൻപ് അലസമായി ടിക്‌ടോക് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ജോർജിയക്കാരി എലീൻ ഡെയ്‌സാദ്സെ. അവളുടെ കണ്ണ് അന്ന പാൻചുലിഡ്‌സെ എന്ന പെൺകുട്ടിയുടെ പ്രൊഫൈലിലുടക്കി. തന്നെപോലെത്തന്നെയിരിക്കുന്നു അന്നയും. ചാറ്റിങ്ങിലൂടെ ഇരുവരും സുഹൃത്തുക്കളായി. ഏതാനുംമാസത്തിനകം തങ്ങൾ ദത്തെടുക്കപ്പെട്ടതാണെന്ന് അവർ രക്ഷിതാക്കളിൽനിന്ന് മനസ്സിലാക്കി.

ഒരേ കുടുംബക്കാരാണോയെന്നറിയാൻ അവർ ഡി.എൻ.എ. പരിശോധിച്ചു. ഫലംവന്നു, ഇരുവരും സമജാത ഇരട്ടകൾ. വയസ്സ് 19. ഇംഗ്ലീഷ് ബിരുദവിദ്യാർഥിനിയാണ് എലീൻ. അന്ന സൈക്കോളജി പഠിക്കുന്നു.

ജനിച്ചുവീണയുടൻ കുഞ്ഞുങ്ങളെ മാതാപിതാക്കളറിയാതെ മാറ്റി അനധികൃതമായി വിൽക്കുന്ന ലോബിയാണ് രണ്ടുപേരെയും രണ്ടിടത്തെത്തിച്ചത്. 1950 മുതൽ 2006 വരെ ജോർജിയയിൽ സജീവമായിരുന്നു ഈ ലോബി. പല മാതൃ-ശിശു ആശുപത്രികളും നഴ്സറികളും സന്നദ്ധസംഘടനകളും ഈ സംഘത്തിലെ കണ്ണികളായിരുന്നു. ജോർജിയൻ ‍മാധ്യമപ്രവർത്തക ടുമാന മുസെറിഡ്‌സും ജനിച്ചയുടൻ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കളും ചേർന്നുനടത്തിയ അന്വേഷണത്തിലാണ് ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.

50 വർഷംകൊണ്ട് 1.2 ലക്ഷം കുഞ്ഞുങ്ങളെയാണ് സംഘം മോഷ്ടിച്ചുവിറ്റത്. ജനിച്ചുവീണയുടൻ കുഞ്ഞുങ്ങളെ അമ്മമാർക്കരികിൽനിന്ന് ആശുപത്രിക്കാർതന്നെ മാറ്റും. മരിച്ചുപോയെന്ന് കള്ളംപറയും. ഈ കുഞ്ഞുങ്ങളെ പിന്നീട് ജോർജിയയിലോ വിദേശത്തോ ഉള്ള മക്കളില്ലാത്ത ദമ്പതിമാർക്ക് വിൽക്കും. 30,000 ഡോളറിനുവരെ (ഏകദേശം 25 ലക്ഷം രൂപ) കുഞ്ഞുങ്ങളെ വിറ്റിട്ടുണ്ട്.

താൻ ദത്തെടുക്കപ്പെട്ടതാണെന്നു മനസ്സിലാക്കിയ മുസെറിഡ്സ്, 2021-ലാണ് സ്വന്തം മാതാപിതാക്കളെ കണ്ടെത്താൻ ഫെയ്സ്ബുക്ക് കൂട്ടായ്മ തുടങ്ങിയത്. ഇന്ന് രണ്ടുലക്ഷത്തിലേറെപ്പേർ അതിൽ അംഗങ്ങളാണ്. 2006-ൽ മിഖൈൽ സാകഷ്‌വിലി പ്രസിഡന്റായതോടെ മനുഷ്യക്കടത്തു തടയാനുള്ള നടപടികൾ കർശനമാക്കി. അതോടെയാണ് അനധികൃത ശിശുവിൽപ്പന നിലച്ചത്.

Related Articles

Latest Articles