Saturday, July 6, 2024
spot_img

റഷ്യന്‍ ആക്രമണം; 70ലധികം യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം ആറാം ദിനമായ ഇന്നും കനക്കുകയാണ്. യുക്രൈന്‍ സൈനിക താവളത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ 70-ലധികം സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുക്രൈന്‍ തലസ്ഥാനമായ കീവിനും രാജ്യത്തെ രണ്ടാമത്തെ നഗരമായ ഹാര്‍കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിര്‍കയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് ലഭിയ്ക്കുന്ന വിവരം.

ആക്രമണത്തില്‍ സൈനിക താവളം സ്ഥിതി ചെയ്തിരുന്ന കെട്ടിടം തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഒഖ്തിര്‍ക മേഖലാ തലവന്‍ ദിമിത്രോ സീലിയസ്‌കി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിനിടെ നിരവധി റഷ്യന്‍ സൈനികരും പ്രദേശവാസികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം യുക്രൈനിലെ കേഴ്‌സണ്‍ നഗരം റഷ്യ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. തുടർന്ന് റോഡുകള്‍ പൂര്‍ണമായി ഉപരോധിച്ച് റഷ്യന്‍ സൈന്യം ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കുകയും, നഗരത്തില്‍ റഷ്യന്‍ സേന മാര്‍ച്ച് പാസ്റ്റ് നടത്തുകയും ചെയ്‌തു.

ബുസോവയില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് നേരെ വ്യോമാക്രമണം ഉണ്ടായി. ഇതേതുടർന്ന് ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചു. കീവിന് സമീപം പുനരധിവാസ കേന്ദ്രത്തിലും റഷ്യ ഷെല്ലാക്രമണം നടത്തി. തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി 40 മൈല്‍ ദൂരത്തില്‍ റഷ്യന്‍ സൈനിക വ്യൂഹം നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Related Articles

Latest Articles