Saturday, July 6, 2024
spot_img

ബിജെപി ഒബിസി മോർച്ച നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം; നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച നേതാവ് രഞ്ജിത് ശ്രീനിവാസനെ (Ranjith Srinivasan Murder) വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേർ കസ്റ്റഡിയിലെന്ന് സൂചന. എസ്ഡിപിഐ പ്രവർത്തകരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം. അതോടൊപ്പം അക്രമികൾ ഉപയോഗിച്ചിരുന്ന ബൈക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ ബൈക്കിൽ ചോരക്കറ കണ്ടെത്തിയതായി ഉന്നത വൃത്തങ്ങൾ പറയുന്നു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇതുവരെ അറുപതോളം പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ബിജെപി നേതാവിന്റെ കൊലപാതകം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞിട്ടും യഥാർത്ഥ പ്രതികളെ പിടികൂടാൻ സാധിക്കാത്ത പോലീസിനെതിരെ വിമർശനം ശക്തമായിരിക്കുകയാണ്. കേസിൽ 12 ഓളം പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

അതേസമയം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ഇന്ന് വൈകിട്ട് നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, കൃഷിമന്ത്രി പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എംപിമാർ, എംഎൽഎമാർ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരും യോഗത്തിൽ പങ്കെടുക്കും.

സർവ്വകക്ഷി യോഗത്തിനുശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും. ജില്ലയിൽ നിരോധനാജ്ഞ തുടരണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമാകും. അതേസമയം ഇന്നലെയാണ് യോഗം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ബിജെപി ശക്തമായി രംഗത്തുവരികയായിരുന്നു. രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്കാര സമയത്താണ് യോഗം വച്ചിരുന്നത്. ഒടുവിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

Related Articles

Latest Articles