Saturday, July 6, 2024
spot_img

പിണറായി സർക്കാരിന്റെത് ഒരു പ്രോഗ്രസ്സുമില്ലാത്ത പ്രോഗ്രസ്സ് റിപ്പോർട്ട് ! സംസ്ഥാനത്തെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സർക്കാരിന്റെ പൊള്ളയായ അവകാശവാദങ്ങൾ; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് വി മുരളീധരൻ

തിരുവനന്തപുരം: പിണറായി സർക്കാർ ഇന്നലെ പുറത്തുവിട്ട പ്രോഗ്രസ്സ് റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് വി മുരളീധരൻ. കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചു മാറ്റാനുള്ള ശ്രമമാണ് ഇടതുമുന്നണി പ്രോഗ്രസ്സ് റിപ്പോട്ടിലൂടെ നടത്തിയിരിക്കുന്നത്. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. അടിസ്ഥാന സൗകര്യ മേഖലയിൽ ഒരു വികസനവും നടന്നിട്ടില്ല. രണ്ടുമണിക്കൂർ തുടർച്ചയായി മഴ പെയ്താൽ കേരളത്തിലെ നഗരങ്ങൾ വെള്ളത്തിലാകുന്നു. ഈ അവസ്ഥയിൽ അടിസ്ഥാന സൗകര്യ മേഖലയിൽ കേരളം വലിയ നേട്ടങ്ങൾ കൈവരിച്ചു എന്ന അവകാശവാദം തെറ്റാണ്. കടുത്ത പ്രതിസന്ധിക്കിടയിലും സർക്കാർ വലിയ ധൂർത്ത് നടത്തുകയാണെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ മുഖ്യമന്ത്രി വിദേശ സുഖവാസത്തിന് പോയത് ആരുടെ ചെലവിലാണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുരുവനന്തപുരത്ത് പാർട്ടി സംസ്ഥാന കാര്യാലയത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ മുന്നണി സർക്കാർ കെട്ടുറപ്പുള്ളതായിരിക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡി മുന്നണി അവരുടെ മുന്നണി സർക്കാരുകളെ മാത്രമേ കണ്ടിട്ടുള്ളു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് 240 സീറ്റുകളുമായി ഒരു പാർട്ടി മുന്നണിയെ നയിക്കുന്നത്. മൂന്നാം നരേന്ദ്രമോദി സർക്കാർ സ്ഥിരതയുള്ള സർക്കാരായിരിക്കും. തെരഞ്ഞെടുപ്പിൽ ആർ എസ്സ് എസ്സ് സഹായം ബിജെപിക്ക് ഉണ്ടായിട്ടില്ലെന്ന പ്രചാരണം ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു. ആർ എസ്സ് എസ്സ് തെരഞ്ഞെടുപ്പുകളിൽ ഇടപെടുന്ന സംഘടനയല്ല. 1977 ലെയും 2014 ലെയും തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് സംഘം രംഗത്തുണ്ടായിരുന്നത്. അതും ഒരു പ്രത്യേക പാർട്ടിക്ക് വേണ്ടിയായിരുന്നില്ല. വ്യക്തിപരമായി ആർ എസ്സ് എസ്സ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താറുണ്ട്. അത് ഇത്തവണയും ഉണ്ടായി. താൻ മത്സരിച്ച ആറ്റിങ്ങൽ മണ്ഡലത്തിൽ ആർ എസ്സ് എസ്സ് പ്രവർത്തകരുടെ സാന്നിധ്യം പ്രചാരണത്തിൽ സജീവമായി ഉണ്ടായിരുന്നതായും മുരളീധരൻ കൂട്ടിച്ചേർത്തു.

താൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ ആണെന്നും പൊതുരംഗത്ത് ഇനിയുമുണ്ടാകുമെന്നും ഭാവി ദൗത്യത്തെ കുറിച്ചുള്ള ചോദ്യങ്ങളുടെ മറുപടിയായി അദ്ദേഹം പറഞ്ഞു. വർഷങ്ങളായി തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. അതിനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽ വി മുരളീധരൻ ശ്രദ്ധേയമായ മത്സരം കാഴ്ചവച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്താണെങ്കിലും മൂന്നുലക്ഷത്തി പന്ത്രണ്ടായിരത്തിലധികം വോട്ടുകൾ സമാഹരിച്ചിരുന്നു.

Related Articles

Latest Articles