Saturday, June 29, 2024
spot_img

പി പി ഇ കിറ്റ് അഴിമതി;സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി;ലോകായുക്ത നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളി

കൊച്ചി:കൊറോണക്കാലത്തെ പി പി ഇ കിറ്റ് അഴിമതിയിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി.
കേസുമായി ബന്ധപ്പെട്ട ലോകായുക്ത നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളി. ഇതോടെ മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണം ലോകായുക്തക്ക് തുടരാം.

അഴിമതി ആരോപണ പരാതികള്‍ പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പിപിഇ കിറ്റ് അഴിമതി ആരോപണത്തില്‍ ലോകായുക്ത അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി നല്‍കിയത്. ദുരന്തങ്ങള്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്താനുള്ള മറയാക്കരുത് എന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

കൊറോണക്കാലത്ത് ജനം കടുത്ത അനിശ്ചിതത്വത്തിലും അരക്ഷിതാവസ്ഥയിലും ജീവിക്കുമ്പോൾ, 500 രൂപ വിലയുള്ള പി പി ഇ കിറ്റുകൾ മൂന്നിരട്ടി വിലയ്‌ക്കാണ് ആരോഗ്യ വകുപ്പ് വാങ്ങിയത് എന്നാണ് പരാതി. കെ കെ ശൈലജ, ആരോഗ്യ സെക്രട്ടറി രാജൻ കോബ്രഗഡെ എന്നിവരുൾപ്പെടെ 11 പേർക്കെതിരെയാണ് ലോകായുക്തയിൽ പരാതി നിലനിൽക്കുന്നത്.

യഥാർത്ഥ വില 500 രൂപയാണെന്നിരിക്കെ, 2020 മാർച്ച് 30ന് ഒരു കിറ്റിന് 1,550 രൂപ നിരക്കിലാണ് സ്വകാര്യ കമ്പനിയായ സൺ ഫാർമയിൽ നിന്നും സംസ്ഥാന സർക്കാർ 50,000 പി പി ഇ കിറ്റുകൾ വാങ്ങിയത്. ഇതുമായി ബന്ധപ്പെട്ട പരാതിയിലെ ലോകായുക്ത അന്വേഷണത്തിനാണ്, ഹൈക്കോടതിയിൽ നിന്നും പച്ചക്കൊടി കിട്ടിയിരിക്കുന്നത്.

Related Articles

Latest Articles