Thursday, July 4, 2024
spot_img

ഒരു കാരണവശാലും രാജി വയ്ക്കില്ലെന്ന് ഇമ്രാൻ ഖാൻ; ഉടൻ അധികാരമൊഴിഞ്ഞേ മതിയാകുവെന്ന് സൈനിക മേധാവി

ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ തന്റെ (Imran Khan )പദവി നിലനിർത്താനായി നെട്ടോട്ടമോടുകയാണ്. കൂടെയുണ്ടായിരുന്ന സഖ്യകക്ഷികൾ പോലും ഇമ്രാനെ കൈവിട്ട അവസ്ഥയിലാണ്. ഇപ്പോഴിതാ പ്രധാനമന്ത്രി പദത്തിൽ നിന്നും താൻ ഒരു കാരണവശാലും രാജിവയ്‌ക്കുകയില്ലെന്ന് ഇമ്രാൻ ഖാൻ അവർത്തിച്ചിരിക്കുകയാണ്.

അവിശ്വാസ പ്രമേയം അടുത്തിരിക്കെയാണ് ഇമ്രാന്റെ അവകാശവാദം. എന്നാൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ കോൺഫറൻസിന് ശേഷം ഇമ്രാൻ രാജി വയ്‌ക്കണമെന്ന് പാക് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായാണ് വിവരം. ജനറൽ ഖമർ ജാവേദ് ബജ്വ, സേനയിലെ മറ്റ് മൂന്ന് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഇത്തരമൊരു തീരുമാനം എടുത്തുവെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇമ്രാനെ തുടർന്നും പിന്തുണയ്‌ക്കേണ്ടതില്ലെന്നും, പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനുള്ള സാഹചര്യം ഒരുക്കേണ്ടതില്ലെന്നും നാലും പേരും ചേർന്ന് തീരുമാനിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇമ്രാൻ ഖാനെതിരെ നടക്കാനിരിക്കുന്ന അവിശ്വാസ വോട്ടെടുപ്പിൽ ഒരു തരത്തിലുള്ള കൃത്രിമവും അനുവദിക്കില്ലെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. ‘ എന്തെങ്കിലുമൊക്കെ തരികിട കാണിച്ചാൽ മാത്രമേ ജയിക്കാനാകൂ എന്ന് അയാൾക്കറിയാം. അതിനെ ആയിരിക്കും ഇമ്രാൻ അവസാനമായി ആശ്രയിക്കാൻ പോകുന്നത്.

അതോടൊപ്പം നിങ്ങളുമായി കൈ ചേർക്കാൻ ആരും ആഗ്രഹിക്കുന്നില്ല. നിങ്ങൾ ഈ സ്ഥാനത്ത് നിന്ന് ഒഴിയണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഭൂട്ടോ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സർക്കാരിന്റെ സഖ്യകക്ഷികളായ മൂന്ന് പ്രധാന പാർട്ടികൾ പ്രതിപക്ഷ സഖ്യത്തിൽ ചേരാൻ തീരുമാനിച്ചതും ഇമ്രാന് കനത്ത തിരിച്ചടിയായിട്ടുണ്ട്.

അതേസമയം വലിയ ജനരോഷമാണ് ഇമ്രാൻ ഖാൻ സർക്കാർ ഇപ്പോൾ നേരിടുന്നത്. രാജ്യം പാപ്പരായ അവസ്ഥയിലാണ്. ആഭ്യന്തര സംഘർഷങ്ങൾ അതിരൂക്ഷവും പണപ്പെരുപ്പം കാരണം ജനജീവിതം ദുസ്സഹവുമാണ്. മാർച്ച് എട്ടിനാണ് നൂറോളം പ്രതിപക്ഷ എംപിമാർ ഇമ്രാൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി രംഗത്തുവന്നത്. സർക്കാരിനെ പിന്തുണയ്ക്കുന്ന എം ക്യൂ എം, പി എം എൽ ക്യൂ എന്നീ പാർട്ടികൾ ഇമ്രാൻ അധികാരമൊഴിയണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ ഇമ്രാന്റെ തന്നെ പാർട്ടിയിലെ 25 എംപിമാർ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. 342 സീറ്റുകളുള്ള പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 172 അംഗങ്ങളുടെ പിന്തുണയാണ്.

Related Articles

Latest Articles