Thursday, July 4, 2024
spot_img

50% സീറ്റുകളിൽ സർക്കാർ ഫീസ്; സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് നാഷനൽ മെഡിക്കൽ കമ്മിഷന്റെ പുതിയ മാർഗരേഖ പുറത്ത്

ദില്ലി:∙ സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഫീസ് നിയന്ത്രിച്ച് മാർഗരേഖ പുറത്ത്. 50 ശതമാനം സീറ്റുകളിൽ സർക്കാർ ഫീസ് ഈടാക്കണമെന്ന് നാഷനൽ മെഡിക്കൽ കമ്മിഷന്റെ മാർഗരേഖയിൽ പറയുന്നു. ഡീംഡ് സർവകലാശാലകൾക്കും മാർഗരേഖ ബാധകമാണ്.

സ്വകാര്യ മെഡിക്കൽ കോളജുകളിലും കൽപിത മെഡിക്കൽ സർവകലാശാലകളിലും പകുതി എംബിബിഎസ്, പിജി സീറ്റുകളിൽ അതതു സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ നിരക്കിൽ മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂ. ബാക്കി പകുതി സീറ്റുകളിൽ സംസ്ഥാന ഫീ റഗുലേറ്ററി അതോറിറ്റികൾ നിശ്ചയിക്കുന്ന ഫീസ് ഈടാക്കാം. സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളുടെ പ്രവർത്തനച്ചെലവ് കണക്കിലെടുത്താണ് ഈ ഫീസ് നിശ്ചയിക്കേണ്ടതെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയതിനു പിന്നാലെയാണ് ഇത്.

അതേസമയം സ്വകാര്യ മെഡിക്കൽ സീറ്റുകളിൽ അമിത ഫീസ് നിശ്ചയിക്കുന്നത് തടയാൻ 26 നിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. തലവരിപ്പണം വാങ്ങാൻ പാടില്ല. സ്ഥാപനങ്ങൾ ലാഭേച്ഛയോടെ പ്രവർത്തിക്കരുത്. ആശുപത്രി നിർമാണം മുതൽ അധ്യാപകരുടെ ശമ്പളം വരെയുള്ള ചെലവുകൾ പ്രവർത്തനച്ചെലവിൽ ഉൾപ്പെടുത്താം. സ്ഥാപനങ്ങൾ ഓരോ വർഷവും വരവു ചെലവു കണക്ക് ഓഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കണം. ആശുപത്രിയുടെ ചെലവ് മുഴുവൻ സ്ഥാപനത്തിന്റെ ചെലവിൽ ഉൾപ്പെടുത്താൻ പാടില്ല തുടങ്ങിയവയാണിവ.

മാത്രമല്ല മെഡിക്കൽ സ്ഥാപനങ്ങളിൽ സർക്കാർ ഫീസ് ബാധകമായ പകുതി സീറ്റുകളിൽ പ്രവേശനപരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കണം. ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ ഫലത്തിൽ സ്വകാര്യ മെഡിക്കൽ കോളജുകളിലെ പകുതി സീറ്റുകൾ സർക്കാർ മേഖലയ്ക്ക് കൈമാറ്റപ്പെടും. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ സ്വകാര്യ മെഡിക്കൽ സീറ്റുകളിൽ ഫീസ് നിശ്ചയിക്കുന്നതിന് മാനദണ്ഡം ഏർപ്പെടുത്തിയിട്ടുണ്ട്. കൽപിത സർവകലാശാലകളിൽ ഉൾപ്പെടെ നിയന്ത്രണം ആദ്യമായാണ്.

Related Articles

Latest Articles