Tuesday, July 2, 2024
spot_img

മാസ്‌ക് പൂർണ്ണമായി മാറ്റിയിട്ടില്ല; വിശദമായ മാർഗരേഖ പുറത്തിറക്കുമെന്ന് സംസ്ഥാനം

തിരുവനന്തപുരം: മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസെടുക്കില്ലെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗരേഖ പുറത്ത് വന്നതോടെ ഇതുമായി ബന്ധപ്പെട്ട് വിശദമായ മാർഗരേഖ പുറത്തിറക്കുമെന്ന് സംസ്ഥാനം. പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയേക്കില്ല. എന്നാൽ ഗുരുതര രോഗങ്ങളുള്ളവർ ഉൾപ്പടെ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകും.

കഴിഞ്ഞ ആഴ്ചകളായി സംസ്ഥാനത്തെ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ മാസ്‌ക് ഒഴിവാക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ആലോചനകൾ നടത്തിയിരുന്നു. എന്നാൽ കേന്ദ്ര നിർദേശം പുറപ്പെടുവിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണം തുടർന്നത്. 2020 എപ്രിൽ 20 നാണ് സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്.

മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസ് എടുക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും മാസ്‌കും സാമൂഹിക അകലവും തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ കൂടിയാലോചനകൾക്ക് ശേഷമാകും ആരോഗ്യ വകുപ്പ് തീരുമാനമെടുക്കുക.

ബസ്സിൽ യാത്ര ചെയ്യുന്നവർക്ക് സ്വയം പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ഉപയോഗിക്കാം. കാറിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നവർക്കും ഒരു കുടുംബത്തിലെ ആളുകൾ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴും മാസ്‌ക് ഒഴിവാക്കാം. ഇത്തരം ഇളവുകൾ ഉൾപ്പെടുത്തി വിശദമായ മാർഗരേഖ പുറത്തിറക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Related Articles

Latest Articles