Saturday, June 29, 2024
spot_img

മലപ്പുറം ബലാത്സംഗം; കുടുംബത്തെ ബിജെപി ഏറ്റെടുക്കുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മലപ്പുറത്ത് ക്രൂരമായ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ ബിജെപി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തെ നടുക്കിയ സംഭവം മലപ്പുറം ജില്ലയിൽ നടന്നിട്ടും ഭരണ-പ്രതിപക്ഷത്തെ ഒരു എംഎൽഎ പോലും പ്രതികരിച്ചില്ലെന്നും മതതീവ്രവാദ സംഘടനയിൽപെട്ടയാൾ വീടിന്റെ കതക് ചവിട്ടിത്തുറന്ന് തളർന്ന് കിടക്കുന്ന അമ്മയുടെ മുമ്പിൽ വെച്ച് ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ഒരു പ്രതിഷേധവും നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. യുവമോർച്ച തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ യൂത്ത് ഓൺ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹാഷ്ടാഗ് ക്യാമ്പയിനിംഗോ മെഴുകുതിരി കത്തിക്കലോ പന്തംകൊളുത്തി പ്രകടനമോ നടത്താൻ സാംസ്‌കാരിക-സാഹിത്യ നായകൻമാർ തയ്യാറാകുന്നില്ലെന്നും യുപിയിലോ ഗുജറാത്തിലോ കർണാടകത്തിലോ എന്തെങ്കിലും നടന്നാൽ മാത്രം പ്രതികരിക്കുന്ന വടക്കുനോക്കി യന്ത്രങ്ങളാണ് കേരളത്തിലെ സാംസ്‌കാരിക നായകൻമാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല തലസ്ഥാനത്ത് ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത് അതിക്രൂരമായ കൊലപാതകം പട്ടാപകൽ നടന്നു. തിരുവനന്തപുരത്ത് 10 ദിവസം കൊണ്ട് എത്രയെത്ര ഗുണ്ടാ അക്രമങ്ങൾ നടന്നുവെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കും എതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്ന സംസ്ഥാനം കേരളമാണ്. ആഭ്യന്തരവകുപ്പ് സ്ഥാനം മുഖ്യമന്ത്രി ഒഴിയണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പിലല്ല മറ്റു വകുപ്പുകളിലാണ് മുഖ്യമന്ത്രിക്ക് താൽപര്യമെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം സംസ്ഥാനത്ത് കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങൾ കെഎഫ്സി കുത്തകകൾക്ക് മറിച്ചു കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ അനുമതിയോടെയാണെന്നും. എംഎം മണിയും സഹോദരൻ ലംബോധരനും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നും നൈജീരിയയിൽ അദ്ദേഹത്തിന് നിക്ഷേപമുണ്ടെന്നും പറഞ്ഞിട്ടും മണി പ്രതികരിക്കാത്തത് മടിയിൽ കനമുള്ളതു കൊണ്ടാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles