Saturday, June 29, 2024
spot_img

ധീര യോദ്ധാക്കൾക്ക് വിട; ജനറൽ ബിപിൻ റാവത്തിനും മധുലികയ്ക്കും ഇന്ന് യാത്രാമൊഴി

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുൾപ്പെടെ ഉള്ളവർക്ക് രാജ്യം ആദരമർപ്പിച്ചു. ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ഡൽഹി കാ‍ന്‍റിലെ ശ്മശാനത്തിൽ സംസ്കരിക്കും. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോകും.

ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം രാവിലെ 9 മണിയോടെ ഡൽഹിയിലെ വസതിയിൽ എത്തിക്കും. 11.30 മുതൽ പൊതുദർശനം. ഒരു മണിക്കൂർ പൊതുജനങ്ങൾക്കും ഒരു മണിക്കൂർ സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കാന്റിലെ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാരം.

ബ്രിഗേഡിയർ എൽ. എസ് ലിഡ്ഡറിന്റെ സംസ്കാരം രാവിലെ 9.30ന് ഡൽഹി കാൻ്റിൽ നടക്കും. മറ്റ് സൈനികരുടെ മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കൂനൂരിൽ നിന്നും ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൂന്ന് സൈനിക മേധാവിമാരും ഉൾപ്പെടെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. രാത്രി എട്ട് മണിയോടെയാണ് പാലം വിമാനത്താവളത്തിൽ ജനറൽ ബിപിൻ റാവത്തിൻ്റെയും സഹപ്രവർത്തകരുടെയും മൃതദേഹം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിച്ചത്.

സൈനികരുടെ കുടുംബാംഗങ്ങൾ മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തിയിരുന്നു. പ്രിയപ്പെട്ടവർക്ക് കുടുംബാംഗങ്ങൾ കണ്ണീരോടെ വിടചൊല്ലി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും മൂന്ന് സേന തലവൻമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അന്തിമോപചാരം അർപ്പിച്ചു.

Related Articles

Latest Articles