Monday, July 8, 2024
spot_img

ബ്രിട്ടനിൽ ജനഹിതമറിഞ്ഞു ! 14 വർഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണത്തിന് അന്ത്യം കുറിച്ച് ലേബർ പാര്‍ട്ടി അധികാരത്തിലേക്ക്.. കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും; പാർലമെന്റിലേക്ക് ജയിച്ച് മലയാളിയും

ലണ്ടൻ : ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം നേടി ലേബർ പാര്‍ട്ടി അധികാരത്തിലേക്ക് . ഇതോടെ 14 വർഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ഭരണത്തിനാണ് അന്ത്യമാകുന്നത്. ലേബർ പാർട്ടിയുടെ കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും.650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവലഭൂരിപക്ഷത്തിനുവേണ്ട 325 സീറ്റ് ലേബർ പാർട്ടി മറികടന്നു.‌ നിലവിൽ 359 സീറ്റുമായി ലേബർ പാർട്ടി മുന്നേറുകയാണ്. നിലവിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി വെറും 72 സീറ്റിൽ ഒതുങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 172 സീറ്റാണ് കൺസർവേറ്റീവ് പാർട്ടിക്ക് നഷ്ടമായത്. 46 സീറ്റുമായി ലിബറൽ ഡെമോക്രാറ്റ് പാർട്ടി മൂന്നാമതെത്തി. റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് സുനക് നിലനിർത്തിയതാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ആശ്വാസിക്കാനുള്ള ഏക കാര്യം. 23,059 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുനക് റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റിൽ നിന്ന് വിജയിച്ചത്. തീവ്ര ദേശീയവാദി പാർട്ടിയായ യുകെ റിഫോം പാർട്ടി 4 സീറ്റ് നേടി. നേതാവ് നൈജൽ ഫരാജ് ആദ്യമായി വിജയിച്ചു. ക്ലാക്ടൺ മണ്ഡലത്തിൽനിന്നാണ് ഫരാജിന്റെ വിജയം. 2019ലെ തിരഞ്ഞെടുപ്പിൽ യുകെ റിഫോമിന് ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല.

ഹോൽബോൺ ആൻഡ് സെന്റ് പാൻക്രാസ് സീറ്റിൽനിന്നാണ് സ്റ്റാർമറുടെ വിജയം. ലേബർ പാർട്ടിയിൽ വിശ്വാസമർപ്പിച്ച് വോട്ടു ചെയ്തവരോട് കെയ്ർ സ്റ്റാർമർ നന്ദി അറിയിച്ചു. പ്രധാനമന്ത്രി ഋഷി സുനക് കൺസർവേറ്റീവ് പാർട്ടിയുടെ തോൽവി സമ്മതിച്ചു. സ്റ്റാർമറെ ഫോണിൽ വിളിച്ച് സുനക് അഭിനന്ദനമറിച്ചു.
ലേബർ പാർട്ടിയുടെ സ്ഥാനാർഥിയായ മലയാളി സോജൻ ജോസഫ് ആഷ്ഫെ‌ഡ് മണ്ഡലത്തിൽ വിജയിച്ചു. ബ്രിട്ടിഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് സോജൻ. ആഷ്ഫെ‌ഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്സിങ് മേധാവിയുമാണ് സാജൻ ജോസഫ്.

Related Articles

Latest Articles