കേരളത്തിന് ഇത് അഭിമാന നിമിഷം; വയനാട്ടിലെ ചുരം കടന്നെത്തിയ പത്മശ്രീ പുരസ്‌കാരത്തിന് തിളക്കം ഏറെ

0
DR DHANANJAY DIWAKAR SAGDEO GOT PADMA AWARD
DR DHANANJAY DIWAKAR SAGDEO GOT PADMA AWARD

കല്‍പ്പറ്റ: നാഗ്പൂര്‍ സ്വദേശി ഡോ. ധനഞ്ജയ് ദിവാകര്‍ സാഗ്ദേവിന്റെ പത്മശ്രീ നേട്ടത്തിൽ അഭിമാനിക്കുകയാണ്​ വയനാട്​. വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ഡോ. ധനഞ്ജയ് ദിവാകര്‍ പിന്നോക്ക ജനതയുടെ ആരോഗ്യ മേഖലയിൽ ഊന്നൽ നൽകിയാണ് പ്രവർത്തിച്ചിരുന്നത്. ആദിവാസി വിഭാഗങ്ങളില്‍ മാത്രം കണ്ടുവരുന്ന അരിവാള്‍ രോഗത്തെക്കുറിച്ച് ഡോ. ധനഞ്ജയ് നടത്തിയ കണ്ടെത്തലുകള്‍ ദേശീയതലത്തില്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചുവപ്പ് രക്താണുക്കള്‍ അരിവാള്‍ പോലെ വളഞ്ഞ് പ്രവര്‍ത്തനം നിലച്ച് പെട്ടെന്ന് രോഗികളുടെ ആയുസ് തീരുന്നതാണ് അരിവാള്‍ രോഗമെന്ന് കണ്ടെത്തി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിനെ അറിയിച്ചത് ഡോ. ധനജ്ഞയ് ആയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എ.ഐ.എം.എസ്. വയനാട്ടിലെ അരിവാള്‍ രോഗികള്‍ക്കായി നാലുവര്‍ഷത്തെ പ്രോജക്ട് അനുവദിച്ചിരുന്നു.

അതേസമയം 1980 കളിലാണ് ഡോക്ടര്‍ വയനാട്ടിലെത്തിയത്. ആരോഗ്യ സേവനത്തിനൊപ്പം തന്നെ ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനു വേണ്ടിയുള്ള പദ്ധതികളും അദേഹത്തിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കിവരുകയാണ്. ജനറല്‍ മെഡിസിനില്‍ വൈദഗ്​ധ്യം നേടിയ ഡോക്ടര്‍ വര്‍ഷങ്ങളായി കുടുംബസമേതം വയനാട്ടിലാണ് താമസം. ഭാര്യ സുജാത വീട്ടമ്മയാണ്. നാഗ്പൂരില്‍ എന്‍ജിനീയറായ അതിഥി, ഡോ ഗായത്രി എന്നിവരാണ് മക്കള്‍. പുരസ്‌ക്കാര വിവരമറിഞ്ഞ് വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ധനഞ്ജയ് ദിവാകറിന്‍റെ വസതിയിലെത്തി അദ്ദേഹത്തെ അനുമോദനമറിയിച്ചു.

എന്നാല്‍ വയനാട്ടിൽ ഇപ്പോഴും വഴിയും വൈദ്യുതിയും കടന്നു ചെല്ലാത്ത ആദിവാസി ഊരുകൾ ഉണ്ട്. ആ കേരളത്തിലെ ഒരു ആദിവാസി ഊരിലേക്ക് ആണ് എംബിബിഎസ് പാസ്സായ, മലയാള ഭാഷ പോലും അറിയാത്ത മറാത്തി പയ്യനെ ആര്‍എസ്എസിന്റെ കേന്ദ്രമായ നാഗ്പൂരിൽ നിന്ന് സംഘത്തിന്റെ പ്രചാരകൻ ആയി 1980 കളില്‍ കേരളത്തിലേക്ക് അയക്കുന്നത്. സംഘസ്ഥാപകൻ പൂജനീയ ഡോക്ടർജിയുടെ ജന്മശതാബ്ദിക്ക് മുന്നോടിയായി അവഗണിക്കപ്പെട്ടവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ഇടയിൽ പ്രവർത്തിക്കാൻ ആരോഗ്യ പ്രവർത്തകർ മുന്നോട്ടുവരണമെന്ന് സർ സംഘചാലക് ബാലാസാഹേബ് ദേവറസ് ആഹ്വാനം നൽകിയിരുന്നു. ഇത് ഏറ്റെടുത്ത് രാജ്യമെങ്ങും വിവിധ മേഖലകളിൽ സ്വയംസേവകർ പ്രവർത്തനമാരംഭിച്ചു. പഠനം പൂർത്തിയാക്കി ഏതാനും വർഷക്കാലത്തെങ്കിലും സേവനരംഗത്തിറങ്ങണമെന്നായിരുന്നു മെഡിക്കൽ കോളേജ് വിദ്യാർത്ഥികളോടുള്ള ദേവറസ്ജിയുടെ ആഹ്വാനം. മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞുവന്ന ഡോ. ധനഞ്ജയ് ദിവാകർ സഗ്ദേവ് പ്രചാരകനാകാനുള്ള ആഗ്രഹം ബാലാസാഹിബിനെ അറിയിച്ചതോടെ വയനാട്ടിലേക്കയയ്ക്കപ്പെട്ടു. അങ്ങനെയാണ് വയനാടുമായി അദ്ദേഹത്തിന്റെ ബന്ധം തുടങ്ങുന്നത്. അതേസമയം ഡിസ്‌പെൻസറി എന്നു അദ്ദേഹം വിളിച്ചിരുന്ന, ചോരുന്ന ആ ഒറ്റമുറി കെട്ടിടം ഇന്ന് 40 ബെഡുകൾ ഉള്ള വയനാട്ടിലെ ആദിവാസികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന വയനാട്ടിലെ മുട്ടിലില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ 40 വർഷങ്ങൾക്ക് ശേഷം ഡോ. ധനഞ്ജയ്‌ സഗ്‌ദേവിനെയും കുടുംബത്തെയും തേടി വയനാടൻ ചുരം കയറി രാജ്യത്തിന്റെ ആദരവ് പദ്മ പുരസ്‌കാരത്തിന്റെ രൂപത്തിൽ എത്തിയിരിക്കുകയാണ്. വയനാടിന്റെ സ്വന്തം ഡോക്ടർ. വയനാടിന് മാത്രമല്ല മുഴുവൻ മലയാളികൾക്കും അഭിമാനത്തോടെ പറയാം ഡോ. ധനഞ്ജയ്‌ നമ്മുടെ നാട്ടുകാരനും, ഒരു മലയാളിയും കൂടിയാണെന്ന്.