Tuesday, April 23, 2024
spot_img

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ഇന്നു ചോദ്യം ചെയ്യും. വിജിലന്‍സ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇബ്രാഹിംകുഞ്ഞില്‍ നിന്നു ചോദിച്ചറിയും. പൂജപ്പുരയിലെ ഓഫിസില്‍ രാവിലെ 11നു ചോദ്യം ചെയ്യലിനായി എത്തണമെന്നാണു വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്കു ചട്ടവിരുദ്ധമായി പണം അനുവദിച്ചുവെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ആരോപണം. കരാര്‍ കമ്പനിക്കു മുന്‍കൂറായി 8.25 കോടി രൂപ കിട്ടിയതു മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടതോടെയാണെന്നാണു വിജലന്‍സ് നിഗമനം. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നേരത്തെ തന്നെ സെക്രട്ടറിയേറ്റില്‍നിന്നു വിജിലന്‍സ് ശേഖരിച്ചിരുന്നു.വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലാണു ചോദ്യം ചെയ്യല്‍.

ഇതുവരെ പ്രതിപട്ടികയിലുള്‍പ്പെടാത്ത ഇബ്രാഹിംകുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ത്തേക്കും. കേസില്‍ നേരത്തെ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരെ ടി ഒ സൂരജ് മൊഴി നല്‍കിയതോടെയാണ് അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം അന്വേഷണം നടത്താന്‍ വിജിലന്‍സ് സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. സര്‍ക്കാരിന് ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെയാണ് ക്രിമിനല്‍ നടപടി ക്രമത്തിലെ 41 എ വകുപ്പ് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിന് നോട്ടീസ് അയച്ചത്.

Related Articles

Latest Articles