വടകര : അഴിയൂര്‍ പഞ്ചായത്ത് ഭരണം പിടിക്കാന്‍ എസ്.ഡി.പി.ഐയെ കൂട്ടുപിടിച്ച് എല്‍ഡിഎഫ്. യുഡിഎഫ് നേതൃത്വത്തിലുള്ള അഴിയൂര്‍ പഞ്ചായത്ത് ഭരണ സമിതിയെ താഴെയിറക്കുന്നതിനായാണ് എല്‍ഡിഎഫ് എസ്.ഡി.പി.ഐയുടെ പിന്തുണ തേടിയത്. ഇതോടെ ഭരണസമിതിയെ താഴെയിറക്കുന്നതിനായുള്ള അവിശ്വാസ പ്രമേയം എസ്.ഡി.പി.ഐ അംഗത്തിന്‍റെ പിന്തുണയോടെയാണ് ഇടതുപക്ഷം പാസ്സാക്കിയത്. ഇതോടെ ഭരണം എല്‍.ഡി.എഫിന് ലഭിച്ചു.

എസ്.ഡി.പി.ഐ അംഗം സാഹിര്‍ പുനത്തില്‍ എല്‍.ഡി.എഫിനനുകൂലമായി വോട്ടുചെയ്തതോടെയാണ് അവിശ്വാസം പാസായത്. യു.ഡി.എഫ്, ആര്‍.എം.പി അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടുനിന്നു. നേരത്തേ യുഡിഎഫിന്റെ ഭാഗമായിരുന്ന എല്‍ജെഡി എല്‍.ഡി.എഫില്‍ എത്തിയതോടെയാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 18 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് ഒമ്പതും യു.ഡി.എഫിന് ആറും ആര്‍.എം.പിക്ക് രണ്ടും എസ്.ഡി.പി.ഐക്ക് ഒരു അംഗവുമാണുള്ളത്. എസ്.ഡി.പി.ഐ അംഗമായ സാഹിര്‍ പുനത്തില്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെയാണ് എല്‍.ഡി.എഫിന് ഭരണം പിടിക്കാനായത്.

വെള്ളിയാഴ്ച രാവിലെ വടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. രജിതയുടെ നേതൃത്വത്തിലാണ് അവിശ്വാസപ്രമേയ നടപടികള്‍ ആരംഭിച്ചത്. അരമണിക്കൂറിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. പി.പി. ശ്രീധരന്‍ (സിപിഎം), വി.പി. ജയന്‍, റീന രയരോത്ത് (എല്‍.ജെ.ഡി.), സാഹിര്‍ പുനത്തില്‍ (എസ്.ഡി.പി.ഐ) എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു 15 ദിവസത്തിനകം പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കണം. എല്‍ഡിഎഫിനനുകൂലമായി എസ്.ഡി.പി.ഐ വോട്ടുചെയ്തതോടെ അവരുടെ രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here