മലയാളി മനസ്സുകളില്‍,ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്റെയും, ഉത്സവംതീര്‍ക്കുവാന്‍ വീണ്ടുമൊരു ഉത്രാട ദിനം കൂടി പടികടന്നെത്തി. കാര്‍ഷിക സംസ്‌കൃതിയുടെ ഒളി മങ്ങാത്ത ഓര്‍മകളുടെചൂളം വിളികളുമായെത്തുന്ന ഓണനാളുകളിലെ സവിശേഷമായ ദിനമാണ് ഉത്രാടം. ഓരോ ഉത്രാടദിനവും മലയാളികള്‍ക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ ആഘോഷത്തിന്റെ ഓണമാണ്.

സജീവതയുടെ ഉത്സവക്കാഴ്ച്ചകളാണ് കുടുംബബന്ധങ്ങളെ ഊഷ്മളമാക്കുവാന്‍ സ്‌നേഹമന്ത്രവുമായെത്തുന്ന ഓരോ ഉത്രാടദിനവും മലയാളിക്ക് സമ്മാനിക്കുന്നത്. നാടും നഗരവുമെല്ലാം ഇപ്പോള്‍ ഓണത്തിരക്കിലാണ്. എന്തൊക്കെ കരുതിയാലും ഉത്രാടച്ചന്തയില്‍ കയറിയിറങ്ങാതെ മലയാളിക്ക് തിരുവോണത്തിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാകില്ല. സാമ്പാറും അവിയലും പായസവും പപ്പടവുമൊക്കെയായി ഇല നിറക്കാന്‍ രാവിലെ തന്നെ മലയാളികള്‍ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

സമൃദ്ധിയുടെ സന്ദേശങ്ങളാണ് കേരളക്കരയുടെ ആഘോഷപ്പെരുമയ്ക്ക് നിറം പകരുന്ന ഉത്രാടം നമുക്ക് പകര്‍ന്ന് തരുന്നത്. പൂവിളിയുടെ ആരവങ്ങളും മലയാളത്തനിമ നിറയുന്ന ഓണകാഴ്ചകളും തിരുവോണ ദിനത്തിലേക്കുള്ള ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളും ഉത്രാട ദിനാഘോഷത്തിനു കൂടുതല്‍ വര്‍ണപ്പൊലിമ പകരുന്നു. എല്ലാവരും ഇന്ന് ഉറങ്ങി എഴുന്നേല്‍ക്കുന്നത് മാവേലി മന്നനെ എതിരേല്‍ക്കുന്ന പ്രഭാതത്തിലേക്കാണ്, അതായത് തിരുവോണ നാളിലേക്ക്. ആഘോഷിക്കാം ഈ ഓണം വര്‍ണാഭമായി തന്നെ.ഏവർക്കും തത്വമയി ന്യൂസിന്റെ ഉത്രാട ദിനാശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here