Wednesday, April 17, 2024
spot_img

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശത്തുനിന്നെത്തിയ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്തവളത്തില്‍ വിദേശത്തുനിന്നെത്തിയ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. കാസര്‍കോട് സ്വദേശികളായ രണ്ടുപേരെയാണ് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്. കരിപ്പൂരില്‍ ഒരുമാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടു പോകലാണിത്. ആളു മാറി തട്ടിക്കൊണ്ടു പോയതാണെന്നാണ് വിവരം.

പുര്‍ച്ചെ മൂന്ന് മണിക്ക് എയര്‍ഇന്ത്യ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കാസര്‍കോട് ഉദുമ സ്വദേശി സന്തോഷ്, അബ്ദുള്‍ സത്താര്‍ എന്നിവരാണ് കൊള്ളസംഘത്തിന്റെ പിടിയിലായത്. വിമാനമിറങ്ങി ഓട്ടോയില്‍ കോഴിക്കോട്ടേക്ക് പോകും വഴി കാറിലെത്തിയ മൂന്നു പേര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. കസ്റ്റംസുകാരെന്ന വ്യാജേന കാറില്‍ കയറ്റി താനൂര്‍ കടപ്പുറത്തേക്ക് കൊണ്ടുപോയി. ക്രൂരമായി മര്‍ദിച്ച് വസ്ത്രമുരിഞ്ഞു. കടത്തിക്കൊണ്ടുവന്ന സ്വര്‍ണമെവിടെയെന്ന് ചോദിച്ചായിരുന്നു മര്‍ദനം. പിന്നീട് കൈയിലുണ്ടായിരുന്ന ഇരുപത്തിമൂവായിരം രൂപയും മൂന്നര പവന്റെ ആഭരണങ്ങളും തട്ടിയെടുത്ത് ചേളാരിയില്‍ ഇറക്കിവിടുകയായിരുന്നു.

സ്വര്‍ണ്ണ കള്ളക്കടത്തുകാരില്‍ നിന്ന് വിവരം ചോര്‍ത്തി അവരെ കൊള്ളയടിക്കുന്ന സംഘമാണ് ഈ സംഭവത്തിനും പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സമാനരീതിയില്‍ ദക്ഷിണ കന്നട സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. പരപ്പനങ്ങാടി ചെറമംഗലം സ്വദേശി റഷീദാണ് പിടിയിലായത്.

ദക്ഷിണ കന്നട സ്വദേശി അബ്ദുള്‍ നാസര്‍ ഷംസാദിനെയാണ് കഴിഞ്ഞ ദിവസം കവര്‍ച്ചയ്ക്കിരയാക്കിയത്. ഇയാളെയും ആളുമാറിയാണ് തട്ടിക്കൊണ്ടു പോയത്. കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ ക്രൂയിസര്‍ ജീപ്പിലും ബൈക്കിലുമായി കവര്‍ച്ചാ സംഘം പിന്തുടര്‍ന്നെത്തുകയായിരുന്നു. കൊണ്ടോട്ടിക്കടുത്ത് വച്ച് വാഹനം തടഞ്ഞിട്ടു. മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് വാഹനത്തില്‍ കയറ്റി കണ്ണുമൂടിക്കെട്ടി. കടലുണ്ടി പുഴയുടെ തീരത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി.

കൈയിലുണ്ടായിരുന്ന പഴ്സും, രേഖകളും ലഗേജും കൊള്ളസംഘം കൈക്കലാക്കി. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം എവിടെ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. മണിക്കൂറുകള്‍ നീണ്ട മര്‍ദനമുറകള്‍ക്ക് ശേഷം കാലിക്കറ്റ് സര്‍വകലാശക്കടുത്ത് ചെട്ടിയാര്‍മാടില്‍ ഇറക്കി വിടുകയായിരുന്നു.

Related Articles

Latest Articles