ഒരു സംസ്കാരത്തിന്റെ ആഘോഷം; ആഘോഷങ്ങളും ആര്‍പ്പുവിളികളുമില്ലാതെ ഇന്ന് തൃശ്ശൂർ പൂരം

Thrissur Pooram 2021

0
Thrissur Pooram 2021
Thrissur Pooram 2021

തൃശ്ശൂർ: തൃശ്ശൂർ പൂരം ഇന്ന്. 42ാമത് പൂരമാണ് ഇന്ന് ആഘോഷിക്കുന്നത്. ആഘോഷങ്ങളോ ആര്‍പ്പുവിളികളോ ഒന്നും തന്നെ ഇത്തവണത്തെ പൂരത്തിന് ഇല്ല. ആൾക്കൂട്ടത്തെ  പൂർണമായി ഒഴിവാക്കി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പൂരം നടന്നുകൊണ്ടിരിക്കുന്നത്. രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തി. പിന്നാലെ ഘടക പൂരങ്ങളുടെ വരവും തുടങ്ങി. ഇക്കുറി ഒരാനപ്പുറത്താണ് ഘടക പൂരങ്ങളെത്തുന്നത്.

എന്നാല്‍ കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. വീടുകളിൽ ഇരുന്നു ടിവിയിലോ നവ മാധ്യമങ്ങളിലോ പൂരം കാണാനാണ് അധികൃതരുടെ നിർദേശം. തേക്കിൻകാട് മൈതാനി കർശന പൊലീസ് നിയന്ത്രണത്തിലാണ്. 2000 പൊലീസുകാരെ സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകൾ ചുരുക്കിയാണ് ഇത്തവണ പൂരം നടത്തുന്നത്. വാദ്യക്കാരും ഭാരവാഹികളും ഉൾപ്പെടെ ഒരു സമയം 50 പേർ മാത്രം പങ്കെടുക്കും.

പൂരവിളംബരത്തിനും 50 പേരെ മാത്രമേ അനുവദിക്കൂ. ആഘോഷം ഒഴിവാക്കി ഇത്തവണ ചടങ്ങുകള്‍ മാത്രം മതിയെന്നാണ് ഘടകക്ഷേത്രങ്ങളുടെ തീരുമാനം. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. കടുത്ത നിയന്ത്രണങ്ങളോടെ കാണികളെ ഒഴിവാക്കി സംഘാടകരെ മാത്രം നിലനിര്‍ത്തി പൂരം നടത്താനാണ് ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലും ധാരണയായിരുന്നത്.

അതോടൊപ്പം പൂരപ്പറമ്പില്‍ സംഘാടകര്‍ മാത്രമേ ഉണ്ടാകൂ. അവിടേക്ക് കാണികള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. പ്രധാന വെടിക്കെട്ട് നിയന്ത്രണങ്ങളോടെ മാത്രമാകും നടത്തുക. മഠത്തില്‍വരവും ഇലഞ്ഞിത്തറ മേളവും ഇത്തവണ ഉണ്ടാകും. പൂരപ്പറമ്പില്‍ കയറുന്ന സംഘാടകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. പൂരം നടത്തിപ്പിന്റെ ചുമതല, ഡിഎംഒ, കമ്മീഷണര്‍, കളക്ടര്‍ എന്നിവര്‍ക്കാണ് നല്‍കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് സമ്മതമെന്ന് പാറമേക്കാവും തിരുവമ്പാടിയും അറിയിച്ചിട്ടുണ്ട്.