Thursday, April 18, 2024
spot_img

നിയമങ്ങൾ കാറ്റിൽ പറത്തി ഉന്നതര്‍; കര്‍ട്ടനും,കൂളിംഗ് ഫിലിമും നീക്കാതെ എം.എല്‍.എമാരും മന്ത്രിമാരും

കഴിഞ്ഞ ദിവസം മുതലാണ് സംസ്ഥാനത്ത് ഓപ്പറേഷൻ സ്ക്രീൻ തുടക്കമായത്. എന്നാൽ ഇപ്പോൾ വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കർട്ടനും മാറ്റണമെന്ന നിയമം ലംഘിച്ചിരിക്കുകയാണ് മന്ത്രിമാരും, ഉദ്യോഗസ്ഥരും. നിയമം നിലവിൽ വന്ന സാഹചര്യത്തിലും കർട്ടനും കൂളിംഗ് ഫിലിമും മാറ്റാതെയാണ് ഭൂരിഭാഗം മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമസഭയിലെത്തിയത്. പ്രതിപക്ഷ എംഎൽഎമാരും, പോലീസ് ഉന്നതരും നിയമം ലംഘിച്ചവരിൽ പെടുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്പോർട്ട് കമ്മീഷണർ ഉത്തരവിട്ടത്. അതേസമയം സർക്കാർ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും മറിച്ചുള്ള കാഴ്ച്ചകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ കഴിഞ്ഞ ദിവസം ആരംഭിച്ച വാഹന പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് ഇന്നലെ മാത്രം പിടിച്ചത്. എന്നാൽ രണ്ടാഴ്ചത്തേക്കാണ് പരിശോധനയുള്ളത്. മാത്രമല്ല സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നിയമം ശക്തമാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിറക്കിയത്. കൂടാതെ സർക്കാർ അർദ്ധ സർക്കാർ വാഹനങ്ങൾക്കും നടപടി ബാധകമായിരിക്കും. അതേസമയം പരിശോധന സമയത്ത് ഫോട്ടോയെടുത്ത് ഇ-ചെല്ലാൻ വഴിയായിരിക്കും തുടർനടപടി സ്വീകരിക്കുക. നിയമം അംഗീകരിക്കാതിരുന്നാൽ റജിസ്ട്രേഷൻ റദ്ദ് ചെയ്യാനും പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനും ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവിൽ പറയുന്നുണ്ട്. ഇത്തരം വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനും തീരുമാനമുണ്ട്. സ്വീകരിച്ച നടപടികൾ സംബന്ധിച്ച ബന്ധപ്പെട്ട ആർ.ടി.ഒ മാർ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഫെബ്രുവരി ഒന്നിന് റിപ്പോർട്ട് നൽകും.

Related Articles

Latest Articles