ചെങ്കോട്ടയിൽ പാറേണ്ടത് ത്രിവര്‍ണ പതാക മാത്രം; വേറെ പതാക ഉയർത്തിയത്​ അംഗീകരിക്കാനാവില്ല: ശശി തരൂർ

0
A protestor climbs atop the Red Fort to hoist a flag of their own

ദില്ലി: ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയ നടപടിയെ തള്ളി ശശി തരൂർ. ‘ഇത് തീർത്തും നിർഭാഗ്യകരമായ കാഴ്ചയാണ്. ഞാൻ കർഷകരെ അനുകൂലിച്ച വ്യക്തിയാണ്. എന്നാൽ ഈ പ്രവർത്തി ദൗര്‍ഭാഗ്യകരമാണ്. ചെങ്കോട്ടയ്ക്കു മുന്നിൽ ഉയരേണ്ടിയിരുന്നത് ത്രിവർണപതാക മാത്രമാണ്.’ ട്വിറ്ററിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

തുടക്കം മുതൽ കർഷക സമരത്തെ പിന്തുണച്ചിരുന്നു. എന്നാൽ, ചെ​ങ്കോട്ടയിൽ പതാക ഉയർത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന്​ തരൂർ പറഞ്ഞു. അക്രമം ഒന്നിനും പരിഹാരമാവില്ല. ജനാധിപത്യ രീതികളിലൂടെയാണ്​ പ്രശ്​നങ്ങൾ പരി​ഹരിക്കേണ്ടതെന്നും തരൂർ വ്യക്​തമാക്കി.

അതേസമയം നഗരഹൃദയമായ ഐടിഒയില്‍ കര്‍ഷകരെ തുരത്താന്‍ പോലീസ് ശ്രമം തുടരുകയാണ്. ട്രാക്ടറുകള്‍ ഉപയോഗിച്ച്‌ ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ മുന്നോട്ടു നീങ്ങിയതോടെ റോഡില്‍ കുത്തിയിരുന്ന് പൊലീസ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചു. കര്‍ഷകരും പൊലീസും തമ്മില്‍ കല്ലേറുണ്ടായി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

എന്നാല്‍ പൊലീസുകാര്‍ കര്‍ഷകരെ ചെങ്കോട്ടയില്‍ കയറുന്നതില്‍ നിന്നും തടഞ്ഞില്ല. സിന്ധുവില്‍ നിന്നും മറ്റും കൂടുതല്‍ കര്‍ഷകര്‍ ഇപ്പോള്‍ ചെങ്കോട്ടയില്‍ എത്തിക്കൊണ്ടിരിക്കയാണ്. ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ചെങ്കോട്ടയില്‍ ഇത്തരമൊരു സംഭവം നടക്കുന്നത്.