Friday, April 26, 2024
spot_img

ഇനി കേരള ബിജെപിയെ കെ എസ് നയിക്കും ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത കുതിപ്പിനൊരുങ്ങി ബിജെപി

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രനെ പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണു ഡല്‍ഹിയില്‍ പ്രഖ്യാപനം നടത്തിയത്. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണു സുരേന്ദ്രന്‍.

ജനകീയ സമരങ്ങളിലൂടെ കേരളത്തിന് സുപരിചിതനായ ബിജെപി നേതാവാണ് കെ. സുരേന്ദ്രന്‍.ശബരിമല യുവതീ പ്രവേശത്തിനെതിരായ സമരത്തിന്റെ ഭാഗമായി 22 ദിവസം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. 2019-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍നിന്നു മത്സരിച്ച സുരേന്ദ്രന്‍ മൂന്നു ലക്ഷത്തോളം വോട്ട് നേടിയിരുന്നു. ആറു മാസം കഴിഞ്ഞു നടന്ന കോന്നി ഉപതിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തോളം വോട്ട് നേടി.തുടര്‍ച്ചയായ പത്തുവര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കെ. സുരേന്ദ്രന്‍.കോഴിക്കോട് ഉള്ളിയേരിയിലെ കര്‍ഷകകുടുംബമായ കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകനായി 1970 മാര്‍ച്ച് 10നാണ് കെ. സുരേന്ദ്രന്‍ ജനിച്ചത്.

സ്‌കൂള്‍ പഠനകാലത്ത് എബിവിപിയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം എബിവിപിയുടെ സജീവപ്രവര്‍ത്തകനായി മാറി. പിന്നീട് മുഴുവന്‍ സമയപ്രവര്‍ത്തകനായി. കെ.ജി. മാരാര്‍ജിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനായി. യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു.
യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് കെ. സുരേന്ദ്രന്‍ എന്ന പേര് കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.പാര്‍ട്ടിയെ ശക്തമായി മുന്നോട്ടു നയിക്കുമെന്നും അവസരം ഫലപ്രദമായി വിനിയോഗിക്കുമെന്നും ഏല്‍പ്പിച്ച ദൗത്യം കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

പി.എസ്.ശ്രീധരന്‍പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ച ശേഷം ഏറെ നാളായി ഒഴിഞ്ഞുകിടന്ന അധ്യക്ഷ പദവിയിലേക്കാണ് സുരേന്ദ്രന്‍ എത്തുന്നത്.
കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ്. ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ സുരേന്ദ്രന്‍ എബിവിപിയിലൂടെയാണു രാഷ്ട്രീയ പ്രവേശം നടത്തിയത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷപദവിയില്‍ ഏറെ ശ്രദ്ധേയനായി. 3 തവണ ലോക്‌സഭയിലേക്കും 3 തവണ നിയമസഭയിലേക്കും മത്സരിച്ചു. ഷീബയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഹരികൃഷ്ണന്‍, ഗായത്രി എന്നിവരാണ് മക്കള്‍.

Related Articles

Latest Articles