Friday, April 19, 2024
spot_img

ശിവഗിരി മഹാ തീര്‍ത്ഥാടനത്തിന് നാളെ തുടക്കം

ശിവഗിരി: 87-ാമത് മഹാതീര്‍ത്ഥാടനം ശിവഗിരിയില്‍ നാളെ ആരംഭിച്ച് ജനുവരി ഒന്നിന് സമാപിക്കും. അറിവ്, ആരോഗ്യം, ആത്മീയത എന്നീ ആശയങ്ങളെ മുന്‍നിറുത്തിയുള്ള തീര്‍ത്ഥാടനത്തിന് എക്കാലത്തെയും വലിയ തീര്‍ത്ഥാടക പ്രവാഹമാണ് പ്രതീക്ഷിക്കുന്നത്.

30 രാവിലെ 7.30ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധര്‍മ്മപതാക ഉയര്‍ത്തും. 10ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തീര്‍ത്ഥാടന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥിയാകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംബന്ധിക്കും.

കലാപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം 30ന് വൈകിട്ട് സിനിമാതാരം ജഗദീഷ് നിര്‍വഹിക്കും. 12 സമ്മേളനങ്ങളാണ് ശിവഗിരിയില്‍ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കേന്ദ്ര മന്ത്രിമാര്‍, മുന്‍മമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍, ന്യായാധിപന്മാര്‍ തുടങ്ങി പ്രമുഖര്‍ വിവിധ സമ്മേളനങ്ങളില്‍ സംബന്ധിക്കും.

31ന് വെളുപ്പിന് തീര്‍ത്ഥാടന ഘോഷയാത്ര നടക്കും. മഹാസമാധിയില്‍ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഗുരുദേവ റിക്ഷ നഗരപ്രദക്ഷിണം ആരംഭിക്കും. റിക്ഷയ്ക്ക് പിന്നിലായി പീതാംബരധാരികള്‍ ഗുരുകീര്‍ത്തനങ്ങളുമായി അണിനിരക്കുന്നതോടെ ഘോഷയാത്ര ശിവഗിരി കുന്നിറങ്ങും. 31 രാത്രി 12ന് മഹാസമാധി സന്നിധിയില്‍ പുതുവത്സര പൂജയും ഉണ്ടായിരിക്കും.

നാനൂറില്‍ പരം പദയാത്രകളാണ് ശിവഗിരിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. തീര്‍ത്ഥാടന നഗരിയില്‍ ഉയര്‍ത്തുന്നതിനുള്ള ധര്‍മ്മപതാക എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം മഹാസമാധി സന്നിധിയിലെത്തും. സമ്മേളനവേദിയിലേക്കുള്ള ദിവ്യജ്യോതി കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം ശിവഗിരിയില്‍ കൊണ്ടുവരും.

പതാക ഉയര്‍ത്തുന്നതിനുള്ള കൊടിക്കയര്‍ കളവംകോടം ശ്രീശക്തീശ്വരക്ഷേത്രത്തില്‍ നിന്ന് ചേര്‍ത്തല മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം ശിവഗിരിയിലെത്തിക്കും. സമ്മേളന വേദിയിലേക്കുള്ള ഗുരുദേവ വിഗ്രഹം മൂലൂരിന്റെ വസതിയായ ഇലവുംതിട്ട കേരളവര്‍മ്മ സൗധത്തില്‍ നിന്ന് ഇന്ന് വൈകുന്നേരം മഹാസമാധിയിലെത്തും. ഗുരുദേവ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള വസ്ത്രങ്ങള്‍ ശ്രീലങ്കയില്‍ നിന്ന് ശ്രീനാരായണഗുരുദേവ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കൊണ്ടുവരും.

തീര്‍ത്ഥാടന ദിവസങ്ങളില്‍ രാവിലെ 5 മുതല്‍ രാത്രി 12 വരെ മഹാസമാധി സന്നിധിയിലും ശാരദാമഠത്തിലും ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നടത്താം. ഒരേസമയം പതിനായിരത്തോളം പേര്‍ക്ക് അന്നദാനപ്രസാദം കഴിക്കത്തക്ക നിലയില്‍ പന്തലും ഒരുക്കിയിട്ടുണ്ട്.

Related Articles

Latest Articles