Friday, April 19, 2024
spot_img

ശബരിമല ഒരു രാഷ്ട്രീയവിഷയമാക്കാൻ അനുവദിക്കില്ല; ശബരിമല കർമ്മസമിതി

ശബരിമലയിൽ അനാവശ്യമായി കൈകടത്താൻ ആരെയും അനുവദിക്കില്ലെന്നും പോരാട്ടം അവസാനിച്ചിട്ടില്ലെന്നും വിജയം വരെ പോരാടുമെന്നും കർമ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്ജെആര്‍ കുമാര്‍ അറിയിച്ചു.

ശബരിമലയില്‍ സ്വാമി അയ്യപ്പന്‍ തന്നെ നിര്‍ദ്ദേശിച്ച നിയമങ്ങളും ആചാരങ്ങളും നൂറ്റാണ്ടുകളായി പ്രാബല്യത്തിലുണ്ടെന്നും അത് കര്‍ശനമായി നടപ്പാക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും ശബരിമല കര്‍മ്മ സമിതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മറ്റൊന്നും സ്വീകാര്യമല്ലെന്നും കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. ശബരിമലയെ സംബന്ധിച്ച്‌ നിയമം നിര്‍മ്മിക്കുന്ന വിഷയത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ വേണ്ട വിധം പരിഗണിക്കുന്നില്ല .സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ചു കൊണ്ട് വിശ്വാസ സംരക്ഷണത്തിനായി പ്രക്ഷോഭത്തില്‍ പങ്കെടുത്ത ലക്ഷോപലക്ഷം അമ്മമാരെയും ബലിദാനികളായവരെയും പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായവരെയും ആയിരക്കണക്കിന് കള്ളക്കേസില്‍ കുടക്കപ്പെട്ടവരെയും ജാമ്യത്തിനായി ലക്ഷോപലക്ഷം രൂപ കെട്ടിവെച്ചും അക്രമത്തില്‍ നാശനഷ്ടങ്ങള്‍ അനുഭവിച്ചവരെയും ജോലി നഷ്ടപ്പെട്ടവരെയും എല്ലാം കണ്ടുകൊണ്ട് ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു എന്ന് ഒരു നിമിഷം ചിന്തിക്കണമെന്നും എസ്ജെആർ കുമാർ പറഞ്ഞു.

ശബരിമലയില്‍ നൂറ്റാണ്ടുകളായി വിശ്വസത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഈ പ്രക്ഷോഭവും സുപ്രീം കോടതിയില്‍ കേസും നടത്തിയത്. നൂറ്റാണ്ടുകളായി ശാന്തിയുടെയും സമാധാനത്തിന്റെയും അന്തരീക്ഷത്തില്‍ ശബരിമലയില്‍ നില നിന്നിരുന്ന ആചാരങ്ങളും,വിശ്വാസങ്ങളും ലംഘിക്കപ്പെടാതെ കാത്തു സൂക്ഷിക്കുന്നതിന് പകരം മറ്റ് പലര്‍ക്കും ശബരിമലയില്‍ അനാവശ്യമായി കൈകടത്താന്‍ അവസരം ഒരുക്കുന്ന ഒരു പുതിയ നിയമത്തെയും ഭക്തർ അംഗീകരിക്കില്ല. ഹൈന്ദവ വിശ്വാസികളുമായും സംഘടനകളുമായും ശബരിമല പ്രക്ഷോഭത്തിനും സുപ്രീം കോടതിയിലെ കേസുകളിലും നേതൃത്വം കൊടുത്തവരുമായും കൂടി ആലോചിക്കാതെ ഇതിലൊന്നും പങ്കെടുക്കാതെ മാറിനിന്നവര്‍ രാഷ്ട്രീയലാഭത്തിനു വേണ്ടി നടത്തുന്ന ഇത്തരം നടപടികള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകും.

പ്രക്ഷോഭങ്ങള്‍ താല്കാലിക്കായി കെട്ടടങ്ങിയെങ്കിലും ഭക്തജനങ്ങളുടെ മനസ്സ് പ്രക്ഷുബ്ധമാണെന്നും ശരണമന്ത്രം ഇനിയും മുഴങ്ങിക്കൊണ്ടേയിരിക്കുമെന്നും എസ്ജെആർ കുമാർ അറിയിച്ചു.

Related Articles

Latest Articles