Friday, March 29, 2024
spot_img

പോലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കുക യന്ത്രമനുഷ്യന്‍; ഇന്ത്യയില്‍ ആദ്യമായി പദ്ധതി നടപ്പാക്കുന്നത് കേരളത്തില്‍

തിരുവന്തപുരം: കേരളാ പോലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കുക യന്ത്രമനുഷ്യന്‍. കെ പിബോട്ട്(KP-BOT)എന്നാണ് റോബോട്ടിന്റെ പേര്. എസ് ഐയുടെ പദവിയാണ് റോബോട്ടിന് നല്‍കിയിട്ടുള്ളത്. പോലീസിന്റെ തിരുവനന്തപുരം വഴുതക്കാട്ടെ ആസ്ഥാനത്തെത്തുന്ന സന്ദര്‍ശകരെ വരവേല്‍ക്കാനാണ് യന്ത്രമനുഷ്യന്‍. ഇന്ത്യയില്‍ ആദ്യമായും ലോകത്ത് നാലാമതായുമാണ് പദ്ധതി നടപ്പാക്കുന്നത്. സന്ദര്‍ശകരെ തിരിച്ചറിഞ്ഞ് അവരെ ബന്ധപ്പെട്ട സെക്ഷനുകളിലേക്ക് നയിക്കാനും ഈ യന്ത്രമനുഷ്യന് കഴിയും. ഈ സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പോലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ കൃത്യവും വിശദവുമായ വിവരങ്ങള്‍ ഈ സംവിധാനത്തിലൂടെ യന്ത്രമനുഷ്യന്‍ നല്‍കും. യന്ത്രമനുഷ്യനോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചും ഈ സംവിധാനത്തില്‍ ലഭ്യമാക്കിയിരിക്കുന്ന സ്‌ക്രീനിന്റെ സഹായത്താലും വിവരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. സന്ദര്‍ശകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുവാനും ഉദ്യോഗസ്ഥരെ കാണുന്നതിന് സമയം നിശ്ചയിച്ച് നല്‍കാനും ഈ സംവിധാനത്തില്‍ സൗകര്യമുണ്ട്. കൂടാതെ സന്ദര്‍ശകര്‍ നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് ഫയല്‍ ആരംഭിക്കാനും സൗകര്യമുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് അഭിവാദ്യം ചെയ്യാനും വനിതാ എസ്.ഐ യുടെ മാതൃകയിലുളള ഈ യന്ത്രമനുഷ്യന് കഴിയും.

മറ്റ് ആധുനിക സംവിധാനങ്ങളും ഭാവിയില്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. സ്‌ഫോടകവസ്തുക്കള്‍ തിരിച്ചറിയുന്നതിനുളള സംവിധാനം ഭാവിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. മുഖത്തെ ഭാവങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്നതിനുളള സാങ്കേതിക വിദ്യ പിന്നീട് ഇതില്‍ ഉള്‍ക്കൊള്ളിക്കുന്നതോടെ പോലീസ് ആസ്ഥാനത്ത് വീണ്ടുമെത്തുന്ന സന്ദര്‍ശകര്‍ക്ക് തങ്ങളുടെ പരാതിയുടെ വിശദവിവരങ്ങള്‍ പെട്ടെന്ന് തന്നെ ലഭ്യമാകും. അടുത്തിടെ കൊച്ചിയില്‍ നടന്ന കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സില്‍ വച്ചാണ് പോലീസ് വകുപ്പിലെ ഏതാനും ചുമതലകള്‍ നിര്‍വഹിക്കുന്നതിന് യന്ത്രമനുഷ്യന്റെ സേവനം വിനിയോഗിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്നാണ് കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ അസിമോവ് റോബോട്ടിക്‌സ് എന്ന സ്ഥാപനവുമായി ചേര്‍ന്ന് കേരള പോലീസ് സൈബര്‍ ഡോം ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.

Related Articles

Latest Articles