Wednesday, April 24, 2024
spot_img

ഗവര്‍ണര്‍ക്കെതിരേ കണ്ണൂരില്‍ പ്രതിഷേധം, നിശബ്ദനാക്കാനാകില്ലെന്ന് ഗവര്‍ണര്‍, പ്രതിഷേധക്കാരെ അറസ്റ്റു ചെയ്യുന്നത് തടഞ്ഞ് സിപിഎം നേതാക്കൾ

കണ്ണൂര്‍: കേരള ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധവുമായി കണ്ണൂരിലെ ദേശീയ ചരിത്ര കോണ്‍ഗ്രസിലെ പ്രതിനിധികള്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൗരത്വഭേദഗതിയെ അനുകൂലിച്ച്‌ പ്രസംഗിക്കുന്നതിനിടെയാണ് സദസില്‍ നിന്ന് പ്രതിഷേധമുയര്‍ന്നത്.

ചടങ്ങു നടക്കുന്നിടത്തുനിന്ന് പ്രതിനിധികള്‍ തന്നെ മുദ്രാവാക്യവിളികളുമായി രംഗത്തെത്തി. പ്ലക്കാര്‍ഡുകളുയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് ആദ്യം പ്രതിനിധികള്‍ രംഗത്തെത്തിയത്. തുടര്‍ന്ന് നാലുപേരെയാണ് അറസ്റ്റു ചെയ്തു നീക്കിയത്. ഇതിനെതിരെ സി.പി.എം നേതാക്കൾ തടസ്സം സൃഷ്ട്ടിച്ചു രംഗത്തെത്തി. ചരിത്ര കോണ്‍ഗ്രസില്‍ നാടകീയ രംഗങ്ങള്‍ക്കാണ് തുടര്‍ന്ന് വേദിയായത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

പ്രതിഷേധം കൊണ്ട് നിശബ്ദനാക്കാനാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് താന്‍ ചര്‍ച്ചയ്ക്ക് തയാറാണ്. ഭരണഘടനക്കു ഭീഷണിയുണ്ടാകുന്ന ഒരു നിയമത്തേയും താന്‍ അനുകൂലിക്കില്ലെന്നും ഭരണഘടനയെ സംരക്ഷിക്കുന്നയാളാണ് ഗവർണ്ണർ വ്യക്തമാക്കി .

കണ്ണൂര്‍ എം.പി കെ.സുധാകരനും മേയറും ദേശീയ ചരിത്ര കോണ്‍ഗ്രസ് ബഹിഷ്‌ക്കരിച്ചിരുന്നു. വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രതിഷേധം നടത്തരുതെന്ന് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ക്ക് ജില്ലാ പൊലിസ് മേധാവി താക്കീതും നല്‍കിയിരുന്നു. ഇതിനെ അവഗണിച്ചാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെ പരസ്യമായി അനുകൂലിച്ച്‌ പ്രസ്താവന നടത്തിയ ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കള്‍ അറിയിച്ചിരുന്നു.

നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാല്‍ നേതാക്കള്‍ ഉത്തരവാദികളാകുമെന്നും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു പൊലിസ് നിലപാട്. അതുകൊണ്ടുതന്നെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലിസ്.

Related Articles

Latest Articles