Follow US in DailyHunt

തിരുവനന്തപുരം: തോറ്റ എം പി എ സമ്പത്തിനെ ക്യാബിനറ്റ് റാങ്കില്‍ നിയമിച്ചതിന് പിന്നാലെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിച്ചും സംസ്ഥാന സര്‍ക്കാരിന്‍റെ ദുര്‍വ്യയം. മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ഓഫീസറായി എ വേലപ്പന്‍ നായരെ നിയമിച്ചാണ് സര്‍ക്കാര്‍ പൊതു ഖജനാവിന് വീണ്ടും അധിക ചെലവ് വരുത്തി വെച്ചിരിക്കുന്നത്.

അഡ്വക്കേറ്റ് ജനറലും 140 സര്‍ക്കാര്‍ അഭിഭാഷകരും നിലവിലരിക്കെയാണ് ഈ പുതിയ തസ്തിക ഉണ്ടാക്കിയിരിക്കുന്നത്. ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിന് മാത്രമായി നിയമിച്ച് ഈ സ്‌പെഷ്യല്‍ ഓഫീസരുടെ ഒരു മാസത്തെ ശമ്പളം മാത്രം 1,10,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ക്ക് തുല്യമാണ് തസ്തിക. സര്‍ക്കാര്‍ കേസ് നടത്തിപ്പിനും ഉപദേശങ്ങള്‍ക്കും അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറലുമുണ്ട്. സര്‍ക്കാര്‍ അഭിഭാഷകരും, പ്ലീഡര്‍മാരും, സ്‌പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരുമായി 140ല്‍ അധികം പേര്‍ സര്‍ക്കാര്‍ ശമ്പളം പറ്റി ഹൈക്കോടതിയില്‍ ഉണ്ട്. അതിനു പിന്നാലെയാണ് സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറെക്കൂടി നിയമിച്ചിരിക്കുന്നത്.

സുശീല ഗോപാലന്‍ വ്യവസായ മന്ത്രിയായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന വ്യക്തിയാണ് എ വേലപ്പന്‍ നായര്‍. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ ദില്ലിയില്‍ എ സമ്പത്തിനെയും, കെ രാജനെ ചീഫ് വിപ്പായും നിയമിച്ചത് ഏറെ വിവാദമായിരുന്നു. കൂടാതെ സംസ്ഥാനം പ്രളയം പോലെ മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴാണ് പിണറായി സര്‍ക്കാരിന്‍റെ ദുര്‍വ്യയം പുറത്തുവന്നിരിക്കുന്നത്.

മഴക്കെടുതിയില്‍ സംസ്ഥാനം വലയുമ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ നഷ്ടപരിഹാരം പകുതിപ്പേര്‍ക്ക് പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കൊടുത്തു തീര്‍ത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വ്യക്തമായ കണക്കുകള്‍ പോലും പുറത്തുവിടാന്‍ മുഖ്യമന്ത്രിയും മറ്റ് ഔദ്യോഗിക വൃത്തങ്ങളും ഇതുവരെ തയ്യാറായിട്ടില്ല. അതിനിടയിലാണ് വീണ്ടും സംസ്ഥാനത്തിന് അധിക ബാധ്യത വരുത്തിവെയ്ക്കുന്ന അനാവശ്യ നിയമനങ്ങള്‍ നിയമിക്കുന്നത്.

Watch Tatwamayi TV

LEAVE A REPLY

Please enter your comment!
Please enter your name here