Saturday, April 20, 2024
spot_img

പരമേശ്വർജി എന്ന അത്ഭുത സാന്നിധ്യം..ആ മഹാഗുരുവിന് പ്രണാമം അർപ്പിച്ച്,രഞ്ജിത്ത് ഗോപാലകൃഷ്ണൻ|PParameshwaran

ഇന്ന് പരമേശ്വർജിയുടെ സ്മൃതി ദിനമായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലം കേരളത്തിന്റ്റെ രാഷ്ട്രീയ, സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു, പി. പരമേശ്വരന്‍ എന്ന പരമേശ്വർജി.

അടുത്തറിഞ്ഞവർക്കും, അകലെ നിന്ന് വീക്ഷിച്ചവർക്കും, ആർഎസ്സ്എസ്സ് എന്ന ഹിന്ദു ദേശീയത ഉയർത്തിപ്പിടിക്കുന്ന സ്വയംസേവക സംഘടനയുടെ ജീവിക്കുന്ന പ്രതിരൂപമായിരുന്നു പരമേശ്വർജി.

കാരിരുമ്പിന്റ്റെ കരുത്തുള്ള ആദർശാധിഷ്ഠിതമായ ജീവിതം, അറിവിലും, ധിഷണയിലും ഹിമവാനെ പോലെ ഉത്തുംഗമാതൃക.. എന്നാലോ പെരുമാറ്റത്തിലും, സ്നേഹത്തിലും ശൈശവ സഹജമായ നിഷ്ക്കളങ്കതയും, വിനയപൂർവ്വമായ നൈർമ്മല്യവും..

വസിഷ്ഠ മുനിയുടെ വിനയവും, വിശ്വാമിത്രന്റ്റെ ആർജ്ജിത ജ്ഞാനവും, സമർത്ഥ രാമദാസിന്റ്റെ കർമ്മ കുശലതയുമുള്ള അത്യപൂർവ്വ ഋഷിജന്മമായിരുന്നു പരമേശ്വർജി.. സാക്ഷാൽ നരേന്ദ്ര മോദിയുടെ ഗുരുവും..

ഇതായിരുന്നു പരമേശ്വർജി.. ഇങ്ങനെ ഒരു മനുഷ്യൻ നമുക്കിടയിൽ മജ്ജയും, മാംസവുമുള്ള ശരീരവുമായി ജീവിച്ചിരുന്നോ എന്ന് വരും തലമുറക്ക് അത്ഭുതം തോന്നുംവിധം അത്ഭുതകരമായ വിധത്തിലാണ് സ്ഥാനമാനങ്ങൾക്കുമുയരെ നിന്ന് അദ്ദേഹം കേരളീയ സമൂഹത്തിന് മാർഗ്ഗദർശിയായത്..

പരമേശ്വർജിയെ കുറിച്ചോർക്കുമ്പോൾ, ദീപ്തമായ ആ സൗമ്യതയാണ് മനസ്സിലേക്കെത്തുക.. അത് ഇന്ന് എടുത്ത് പറയാൻ പ്രത്യേക ഒരു കാരണവുമുണ്ട്..

പാണ്ഡിത്യവും, സരസ്വതീ കടാക്ഷവും കൊണ്ട് അനുഗ്രഹീതനായിരുന്നു അദ്ദേഹം.. വയലാറിനെ കവച്ചു വയ്ക്കുന്ന പ്രതിഭ..

“ദേവിതൻ ഗളനാള മണിയും,
പുഷ്പമാലികയുമായിടേണ്ട,
കോവിലിൽ പൊന്നൊളിപരത്തും
ദീപമാലികയുമായിടേണ്ട..

തൃക്കഴൽ താരടിയിൽ വെറുമൊരു
ധൂളിയായ് ഞാൻ തീർന്നിടാവൂ..
പൂജ്യജനനീ, പൂജ ചെയ്യാൻ, വെമ്പു-
-മർച്ചനാ ദ്രവ്യമീ ഞാൻ”

ദേശദേവതയായ ഭാരതാംബയോടുള്ള ഈ പ്രാർത്ഥനയിൽ കുറിച്ച വരികൾ തന്നെയായിരുന്നു അദ്ദേഹത്തിന്റ്റെ ആദർശവും, ജീവിതവും, ‘വിനയ’വും..!!

പറയാൻ ഞാനാരുമല്ലായെന്നറിയാം.. എങ്കിലുമൊരു വേദന പങ്കു വയ്ക്കുകയാണ്..

പുതിയ തലമുറയിൽ ഒട്ടേറെ പ്രതീക്ഷയുള്ള യുവാക്കൾ ഇന്ന് ദേശീയതയിൽ നിന്നുമൂർജ്ജം ഉൾക്കൊണ്ട് സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തുണ്ട്..

അറിവുള്ളവരാണ് ഈ ചെറുപ്പക്കാർ.. നിലക്കാത്ത ഊർജ്ജമുള്ളവർ.. സമൂഹ മാദ്ധ്യമങ്ങളിലും, ചാനൽ ചർച്ചകളിലുമൊക്കെ അമ്പരപ്പിക്കുന്ന നിലയിൽ തിളങ്ങുന്നവർ.. പക്ഷെ എവിടെയോ ഒരു കുറവുള്ളതായി തോന്നാറുണ്ട്.. അത് ‘വിനയ’മാണ്..

അഹങ്കാരത്തോടെ തല ഉയർത്തി നിൽക്കുന്നവനേക്കാളും സമൂഹം വില നൽകുക അന്തസ്സോടെ സുഗന്ധം പരത്തുന്ന സൗമ്യ സാന്നിദ്ധ്യത്തിനാണ്.. പരമേശ്വർജിയിൽ നിന്നും പുതു തലമുറ അവശ്യം പഠിക്കേണ്ടതായ ഗുണവും അതാണ്.

ദീപ്തമായ ആ സ്മരണകൾക്കു മുന്നിൽ പ്രണാമത്തോടെ..

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Related Articles

Latest Articles