തിരുവനന്തപുരം: കേരളത്തില്‍ ഉരുള്‍പൊട്ടലും പ്രളയവും രൂക്ഷമായ പശ്ചാത്തലത്തില്‍ ഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധം വെറും 12 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചത് സര്‍ക്കാര്‍ ക്വാറി മാഫിയയ്ക്ക് കീഴടങ്ങിയതുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ ഒന്‍പതാം തീയതിയാണ് എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് ഉത്തരവായത്. 21നു ഖനന പ്രവര്‍ത്തനങ്ങളെല്ലാം പുനസ്ഥാപിച്ചു. ക്വാറിമാഫിയയ്ക്ക് പശ്ചിമഘട്ടം ഉള്‍പ്പെടെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങള്‍ തുരക്കാനുള്ള അവസരമാണ് വീണ്ടും ലഭിച്ചിരിക്കുന്നത്. ഈ ഉത്തരവ് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും ഇതു കേരളത്തെ നശിപ്പിക്കാനുള്ള ഉത്തരവാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് 5,924 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പീച്ചിയിലെ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. സംസ്ഥാന സര്‍ക്കാരിന്റെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കണക്കില്‍ വെറും 750 ക്വാറികളേയുള്ളു. ബാക്കിയുള്ളവയെല്ലാം അനധികൃതമാണ്. യഥാര്‍ത്ഥത്തില്‍ കേരളത്തിലെത്ര ക്വാറികളുണ്ടെന്ന് അധികൃതര്‍ക്കു കണക്കില്ല. കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടില്‍ ആര്‍ക്കും എവിടെയും ക്വാറികള്‍ അനുവദിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പ്രളയത്തിന്‍റെ തനിയാവര്‍ത്തനം ഉണ്ടായത് പരിസ്ഥിതി ലോലപ്രദേശമായ പശ്ചിമഘട്ടത്ത് നടക്കുന്ന വ്യാപകമായ ഖനനം മൂലമാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലും മറ്റു ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പരിസ്ഥിതിയെ നശിപ്പിക്കുന്ന നിരവധി നടപടികളുടെ തുടര്‍ച്ചയാണ് ഖനനാനുമതിയെന്നും കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here