കൊച്ചി: തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതിയുടെ രണ്ട് ഉത്തരവുകളിലെ പിഴവുകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ഫ്‌ളാറ്റ് പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവില്‍ ഗുരുതരമായ പിഴവുകളുണ്ട്. അത് തിരുത്തണം. സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിക്ക് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്പെഷ്യല്‍ സെക്രട്ടറിയാണ് രൂപം നല്‍കിയത്.

കോടതിയുടെ അനുമതിയില്ലാതെയാണ് സമിതിയുടെ ഘടന മാറ്റിയത്. മൂന്നംഗ സമിതി വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കിയതും കോടതിയുടെ അനുമതിയോടെയല്ല. തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗോള്‍ഡന്‍ കായലോരം റെസിഡന്റ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി രജിസ്ട്രി ഫയലില്‍ സ്വീകരിച്ചത്. അഞ്ച് ദിവസത്തിനകം ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ ഫ്‌ളാറ്റുടമകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് സുപ്രീം കോടതിയുടെ നടപടി.

അതേസമയം. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി അഞ്ചു ദിവസത്തിനകം ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് താമസക്കാര്‍ക്ക് മരട് നഗരസഭ ഇന്നലെ നോട്ടീസ് നല്‍കി. മൂന്നു ഫ്‌ളാറ്റുകളിലെ താമസക്കാര്‍ നോട്ടീസ് കൈപ്പറ്റാതെ പ്രതിഷേധിച്ചു. ഒരു ഫ്‌ളാറ്റിലുള്ളവര്‍ നോട്ടീസ് കൈപ്പറ്റി.സുപ്രീംകോടതി ഉത്തരവു പ്രകാരം ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭ താത്പര്യപത്രം ക്ഷണിച്ചു. പൊളിക്കലില്‍ പ്രതിഷേധിച്ച് തിരുവോണദിനമായ ഇന്ന് ഫ്‌ളാറ്റുടമകള്‍ നഗരസഭാ ഓഫീസിന് മുമ്പില്‍ പട്ടിണി സമരം നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here