Tuesday, April 23, 2024
spot_img

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്, മികച്ച നടി കനി കുസൃതി

തിരുവനന്തപുരം: 50-ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. അതേസമയം മികച്ച നടനും നടിക്കുമായി കടുത്ത മത്സരമാണ് നടന്നത്. മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂടും, നടി കനി കുസൃതിയുമാണ്. മികച്ച ചിത്രം വാസന്തിയാണ്. സിജു വിൽസൺ നിർമിച്ച ചിത്രമാണിത്. ബിബിന്‍ ചന്ദ്രന്‍റെ ‘മാടമ്പള്ളിയിലെ മനോരോഗി’ ആണ് മികച്ച ചലച്ചിത്ര ലേഖനം. മികച്ച ഗായകന്‍ നജീം അര്‍ഷാദാണ്. ഗായിക മധുശ്രീ നാരായൺ. ജെല്ലിക്കെട്ട് എന്നചിത്രത്തിലൂടെ മികച്ച സംവിധായകനുളള പുരസ്കാരം ലിജോ ജോസ് പല്ലിശ്ശേരിയും നേടി. നിവിന്‍ പോളിയും, നടി അന്ന ബെന്നും പ്രത്യേക പരാമര്‍ശം നേടി.

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ അഭിനയമാണ് സുരാജിനെ ഒരിക്കൽക്കൂടി മികച്ച നടനാക്കിയത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി ആദ്യമായി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സ്വഭാവനടനും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവനടിക്കുമുളള അവാർഡുകൾ സ്വന്തമാക്കിയത്. മൂത്തോനിലെ അഭിനയത്തിന് നിവൻ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആയിരുന്നു ജൂറി ചെയർമാൻ. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ

Related Articles

Latest Articles