Friday, April 26, 2024
spot_img

സംസ്ഥാനസര്‍ക്കാരിന് തിരിച്ചടി; നിയമസഭയിലെ കയ്യാങ്കളി; കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്‍റെ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: 2015-ലെ ബജറ്റ് അവതരണസമയത്ത് നിയമസഭയില്‍ നടന്ന കൈയാങ്കളിയില്‍ അന്നത്തെ പ്രതിപക്ഷ നിയമസഭാ സാമാജികര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്‍റെ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. അടുത്ത മാസം 15-ന് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം. പൊതുമുതല്‍ നശീകരണം അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്ന കേസാണ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.

അതേസമയം ഹര്‍ജി പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരും കോട്ടയം സ്വദേശികളുമായ എം.ടി.തോമസ്, പീറ്റര്‍ മയിലിപറമ്പില്‍ എന്നിവര്‍ ഹര്‍ജി നല്‍കിയിരുന്നു. നിയമസഭയില്‍ നടന്ന കൈയാങ്കളി പരസ്യമായി ടി.വി. ചാനലുകളിലൂടെ നാട്ടുകാര്‍ കണ്ടിട്ടുള്ളതാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്ത പ്രതികള്‍ക്കെതിരേ യാതൊരു നിയമനടപടിയുമുണ്ടായില്ലെങ്കില്‍ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ തടസ്സ ഹര്‍ജിയും നല്‍കിയിരുന്നു.

പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ മുന്‍ ധനമന്ത്രി കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസ്സില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തത്. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍,വി.ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്. വി.ശിവന്‍ കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി സമീപിച്ചത്.

Related Articles

Latest Articles