ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 16ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയയ്ക്കും. കേന്ദ്രമോട്ടോര്‍ വാഹന നിയമത്തില്‍ ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സ്വീകരിച്ച രീതി ചൂണ്ടിക്കാട്ടുന്ന സംസ്ഥാന സര്‍ക്കാര്‍ ഇത് പിന്തുടരാന്‍ കേരളത്തെയും അനുവദിക്കണമെന്ന് ആവശ്യപ്പെടും.

കേന്ദ്രനിയമത്തെ ഭേദഗതിയിലൂടെ മറികടക്കുന്നത് നിയമക്കുരുക്കിന് കാരണമാകുമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാന്‍ തീരുമാനിച്ചത്.

കേന്ദ്രനിയമം സെപ്തംബര്‍ ഒന്നിന് നടപ്പിലാക്കുമെന്ന് കാണിച്ച് ആഗസ്റ്റ് 31ന് തന്നെ സംസ്ഥാനം വിജ്ഞാപനമിറക്കിയിരുന്നു. ഇത് റദ്ദാക്കുക എളുപ്പമല്ല. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ മറികടന്ന് മറ്റൊന്നു കൊണ്ടു വരാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നാണ് ഗതഗത വകുപ്പിന് ലഭിച്ച നിയമോപദേശം. പ്രത്യേക സാഹചര്യമെന്ന് വാദിച്ച് ഓര്‍ഡിനന്‍സോ നിയമമോ കൊണ്ടു വരണമെങ്കില്‍ കേന്ദ്ര ഗതാഗത, ആഭ്യന്തര, നിയമ വകുപ്പുകളുടെ അനുവാദം വേണം. ഇങ്ങനെയുള്ള ഓര്‍ഡിനന്‍സിനും നിയമത്തിനും രാഷ്ട്രപതിയുടെ അംഗീകാരവും വേണം.

ഇതിനിടയില്‍ വാഹന പരിശോധനയില്‍ വന്‍ തുക പിഴയായി ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് തത്കാലത്തേക്ക് കനത്ത പിഴ ഈടാക്കേണ്ടെന്നും കേന്ദ്രത്തോട് ഇളവ് തേടാനും തീരുമാനമായത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here