Saturday, April 27, 2024
spot_img

സംസ്ഥാനത്ത് ഇന്ന് 4,125 പേർക്ക് കൂടി കോവിഡ്‌; 3,463 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4,125 പേര്‍ക്ക് കൂടി കോവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40,382 പേർ നിലവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിൽ 38,574 സാമ്പിൾ പരിശോധിച്ചു. 3,007 പേർ രോഗമുക്തി നേടി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍….

കോവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിയിലെത്തി. തിരുവനന്തപുരത്ത് വ്യാപനം ഏറ്റവും രൂക്ഷം. ഇന്നലെ വരെ ആകെ 39,258 പേരായിരുന്നു ചികിത്സയിൽ. 7,047 പേർ തിരുവനന്തപുരത്തായിരുന്നു. 18 ശതമാനം വരുമിത്. മരണം ഇന്നലെ വരെ 553. ഇതിൽ 175 ഉം തിരുവനന്തപുരം ജില്ലയിലാണ്. 32 ശതമാനം വരുമിത്.

തിരുവനന്തപുരം ജില്ലയിലിന്ന് 651 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 130 പേരുടെ ഉറവിടം അറിയില്ല. തലസ്ഥാന ജില്ലയിൽ ആൾക്കൂട്ടം ഉണ്ടാക്കി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സമരങ്ങളെ വിലയിരുത്തണം. ഈ പ്രശ്നം നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും സമരക്കാർ ഇത് വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല. മാധ്യമങ്ങളും അത് ഗൗരവത്തോടെ കാണുന്നില്ല.

കോവിഡിനൊപ്പം ജീവിക്കേണ്ട ഘട്ടമാണിത്. മുൻപുണ്ടായിരുന്ന രീതികളെ മാറ്റിയിട്ടുണ്ട്. യോഗം ചേരുന്നതും വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നത്, വിവാഹം, കടകൾ പ്രവർത്തിക്കുന്നത് തുടങ്ങി എല്ലാം കോവിഡ് പിടിച്ചുനിർത്താൻ സഹായിക്കുന്ന വിധത്തിലാണ്. ജനത്തിന്‍റെ ജീവൻ രക്ഷിക്കാനാണ് ഇത്. അതെല്ലാം അട്ടിമറിച്ചാണ് പ്രതിപക്ഷം സമരം എന്ന പേരിൽ ആൾക്കൂട്ടം സൃഷ്ടിച്ച് കോവിഡ് പ്രതിരോധം തകർക്കുന്നത്.

ആൾക്കൂട്ടം ഒഴിവാക്കലാണ് പ്രധാനം. അത് മുഖവിലക്കെടുക്കാതെയാണ് അക്രമാസക്തമായ സമരം സംഘടിപ്പിക്കുന്നത്. വൈറസിന് ഏറ്റവും എളുപ്പത്തിൽ പടരാൻ അവസരം ഒരുക്കുന്നു. സമരം നേരിടുന്ന മുതിർന്ന ഉദ്യോഗസ്ഥരും പൊലീസുകാരും കോവിഡ് ബാധിതരാകുന്നു. ഇത് നിർഭാഗ്യകരമാണ്. സമരം തടയാൻ നിയുക്തരായ പൊലീസുകാരിൽ 101 പേർ പോസിറ്റീവായി. 71 സിവിൽ പൊലീസ് ഓഫീസർമാർക്കും എട്ട് സീനിയർ സിപിഒമാർക്കും കോവിഡ് സ്ഥിരീകരിച്ചു. 171 പേർ നിരീക്ഷണത്തിലുണ്ട്.

സഹപ്രവർത്തകർക്ക് അസുഖം ബാധിക്കുന്നത് മൂലം നിരവധി പൊലീസുകാർ ക്വാറന്‍റീനിലാവും. കോവിഡിനെതിരെ പ്രവർത്തിക്കേണ്ട സർക്കാരിന് ഇത് തടസമാവുന്നു. കോവിഡ് പ്രോട്ടോക്കോൾ സമരക്കാർ പാലിക്കുന്നില്ല. എല്ലാ പാർട്ടികളും ഇക്കാര്യത്തിൽ ഉത്തരവാദിത്തത്തോടെ പെരുമാറണം. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് അക്ഷീണം പ്രവർത്തിക്കുന്നത് പൊലീസാണ്.

എല്ലാവരും ആത്മപരിശോധന നടത്തണം. സഹോദരങ്ങളെ മഹാമാരിക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിക്കണം. ജാഗ്രത വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണം. കൊല്ലത്ത് 347 പേർക്ക് രോഗം സ്ഥിരീകരിച്ചു. അന്യ സംസ്ഥാന തൊഴിലാളികളായ 379 പേർ തിരികെയെത്തി. 7834 പേരാണ് നാട്ടിലേക്ക് മടങ്ങാതെ ഇവിടെ തങ്ങിയത്.

Related Articles

Latest Articles